ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ ഇത്തവണ കേരളത്തില്‍ വന്നത് മോഷ്ടിക്കാനല്ല, പകര്‍പ്പ് അവകാശം തേടി കേസുകൊടുക്കാന്‍. തന്‍റെ പേരില്‍ മലയാള സിനിമ ഇറക്കിയതിന് 50 കോടിയുടെ പ്രതിഫലം തരണമെന്നാണ് ബണ്ടി ചോറിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സിനിമ നിര്‍മാതാക്കള്‍ക്ക് ബണ്ടി ചോര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
കേരളം എന്നും ഞെട്ടലിനൊപ്പം അല്‍പം കൗതുകത്തോടെയും ഓര്‍ക്കുന്ന മോഷ്ടാവാണ് ബണ്ടി ചോര്‍. ദേവേന്ദര്‍ സിങ് എന്ന ഡെല്‍ഹിക്കാരന്‍ ബണ്ടി ചോര്‍ 2013ലാണ് ആദ്യമായി കേരളത്തിലെത്തിയത്. അന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ആഡംബര കാറുകളടക്കം അടിച്ചുമാറ്റിയതോടെയാണ് കേരളമാകെ ഫേയ്മസായത്. അന്ന് പിടിക്കപ്പെട്ട ബണ്ടി 2023ലാണ് ജയില്‍ മോചിതനായി കേരളം വിട്ടത്. പക്ഷെ കഴിഞ്ഞ ആഴ്ച വീണ്ടും കൊച്ചിയില്‍ പൊങ്ങി. പിറ്റേദിവസം തിരുവനന്തപുരത്തും. രണ്ടിടത്തും പൊലീസ് പൊക്കി ചോദ്യം ചെയ്തു. മാനസികനില പരിശോധിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. എങ്കിലും വീണ്ടും മോഷമാണോ ലക്ഷ്യമെന്ന പേടി പൊലീസിനുണ്ടായിരുന്നു. പക്ഷെ പേടിക്കേണ്ട, 50 കോടി ലക്ഷ്യമിട്ടാണ് വീണ്ടും നമ്മുടെ നാട്ടിലെത്തിയതെങ്കിലും അതിനുള്ള വഴി മോഷണമല്ല.
2014ല്‍ ബണ്ടി ചോര്‍ എന്ന പേരില്‍ മലയാള സിനിമ ഇറങ്ങിയിരുന്നു. ഹൈടെക് മോഷ്ടാവിന്‍റെ കഥയായിരുന്നു മാത്യൂസ് എബ്രഹാം സംവിധാനം ചെയ്ത് ശ്രീജിത്ത് വിജയിയും കൊച്ചുപ്രേമനുമൊക്കെ അഭിനയിച്ച സിനിമ പറഞ്ഞത്. അന്ന് ജയിലിലായിരുന്ന ബണ്ടി അടുത്തകാലത്താണ് ഈ സിനിമയുടെ കാര്യം അറിഞ്ഞത്. തന്‍റെ പേരും ജീവിതവും സിനിമയാക്കിയതിന് തനിക്ക് പണം തരണമെന്നാണ് ബണ്ടിയുടെ ആവശ്യം. സിനിമയുടെ നിര്‍മാതാവായ തിരുവനന്തപുരം സ്വദേശി റൂബി വിജയന് വക്കീല്‍ നോട്ടീസ് അയക്കാനാണെത്തിയത്. 50 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം അയച്ച് തന്നില്ലെങ്കില്‍ കോടതിയില്‍ കാണാമെന്നാണ് ഹൈടെക് മോഷ്ടാവിന്‍റെ വെല്ലുവിളി.