ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രം ദൃശ്യം 3യുടെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ. ഏപ്രിൽ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഞായറാഴ്ച സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം അറിയിച്ചത്.
വാഴത്തോട്ടത്തിന് നടുവിൽ ചിന്താകുലനായി നിൽക്കുന്ന ജോർജുകുട്ടിയുടെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2025 സെപ്റ്റംബറിൽ കൊച്ചി ലോ കോളേജിൽ വെച്ചാണ് ആരംഭിച്ചത്. മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നതിന്റെ തൊട്ടുതലേന്നാണ് ചിത്രത്തിന്റെ ജോലികൾ തുടങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.
തൊടുപുഴ, വാഗമൺ എന്നിവിടങ്ങളിലായി ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള അവസാന ഘട്ട ഷൂട്ടിങ് എറണാകുളത്താണ് പൂർത്തിയായത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വമ്പിച്ച വിജയമാണ് മൂന്നാം ഭാഗം ഒരുക്കാൻ പ്രേരണയായതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
രണ്ടാം ഭാഗം കഴിഞ്ഞ് നാലര വർഷത്തിന് ശേഷം ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ദൃശ്യം 3-ന്റെ ഇതിവൃത്തം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ അമിത ബുദ്ധി പരീക്ഷിക്കുന്ന സിനിമയാവില്ല ഇതെന്നും ജോർജുകുട്ടിയുടെ ജീവിതത്തിലെ മാറ്റങ്ങൾക്കാണ് പ്രാധാന്യമെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. മലയാളം പതിപ്പ് ഏപ്രിലിൽ എത്തുമ്പോൾ, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. മീന, എസ്തർ അനിൽ, അൻസിബ തുടങ്ങിയ മുൻഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.