Image: facebook.com/bindhu.binu.3150
ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നിൽക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്.
പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗർഭത്തിനും ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ മറയ്ക്കാൻ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗർഭിണിയെ പ്രസവിക്കാൻ വിടാം. പക്ഷെ അയ്യപ്പന്‍റെ സ്വർണ്ണം കട്ട കള്ളന്മാർ അത് അങ്ങനെ മുങ്ങി പോകാൻ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം...’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്‍റെ ഫെയ്സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്.
മുന്‍പ് പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ രാഹുൽ വിഷയത്തിൽ കുഞ്ഞാടിന്‍റെ തോൽ അണിഞ്ഞു വന്ന് വീരവാദം മുഴക്കുന്നവര്‍ പതിവ്രതകൾ ആണോ എന്ന് സ്വയം ആത്മ പരിശോധന നടത്തണമെന്നും ഗർഭം എന്ന് പറഞ്ഞു കരയുന്നവര്‍ക്ക് അറിയില്ലായിരുന്നുവോ ഈ ഗർഭം ഇങ്ങനെയാ ഉണ്ടാകുന്നത് എന്ന്, ഇതിൽ പുരുഷന്മാർ മാത്രം ആണോ തെറ്റുകാരെന്നും ബിന്ദു കുറിച്ചിട്ടുണ്ട്.
അതേസമയം, യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്‍റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗർഭധാരണത്തിനും ഗർഭചിദ്രത്തിനും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകർക്കാൻ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്.