തിരുവനന്തപുരം കോർപറേഷനിൽ എല്ലാവർക്കും വീടും തെരുവുനായ ശല്യത്തിന് പരിഹാരവും ഉറപ്പുനൽകി യുഡിഎഫ് പ്രകടനപത്രിക. അഴിമതിക്ക് പേരുകേട്ട കോർപറേഷൻ ഭരണം അവസാനിപ്പിക്കാൻ യുഡിഎഫിനെ കഴിയുവെന്ന് പ്രകടനപത്രിക പ്രകാശനം ചെയ്ത എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
കുറവൻകോണം ജംഗ്ഷനിൽ വൈഷ്ണ സുരേഷിന് വേണ്ടി സിവിൽ സർവീസ് പരിശീലന വിദ്യാർഥികളോട് വോട്ട് ചോദിച്ചുകൊണ്ടാണ് കെ.സി.വേണുഗോപാൽ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സിവിൽ സർവീസ് അക്കാദമി തുടങ്ങിയത് ഓർമിപ്പിച്ച കെ.സി, കോർപറേഷൻ ഭരണം പിടിച്ചാൽ കുറഞ്ഞ ചെലവിൽ താമസം സൌകര്യം ഒരുക്കുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പുനൽകി.
തുടർന്ന് യുഡിഎഫ് സ്ഥാനാർഥി സംഗമത്തിൽ പ്രകടനപത്രിക പ്രകാശനവും നിർവഹിച്ച കെ.സി, കോർപ്പറേഷന്റെ അഴിമതികൾ അക്കമിട്ടു. എൽഡിഎഫും ബി.ജെ.പിയും പണമിറക്കി കളിക്കുകയാണെന്ന് ആരോപിച്ച കെ.മുരളീധരൻ വലിയ കട്ടൌട്ടുകളെ പിടിച്ച് പരിഹസിച്ചു.