kc-venugopal

TOPICS COVERED

ആലപ്പുഴയില്‍ ഭവനസന്ദര്‍ശനത്തിനിടെ വീട്ടില്‍ കയറി കപ്പ പുഴുങ്ങുകയും കഴിക്കുകയും ചെയ്യുന്ന കെ.സി.വേണുഗോപാല്‍ എംപിയുടെ വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് വേണുഗോപാല്‍ വീട്ടമ്മമാര്‍ക്കൊപ്പം കപ്പ പുഴുങ്ങിയത്. നയനാവെളി സ്വദേശിനിയായ റീഫ മേരിയുടെ വീട്ടിലെ സന്ദർശനമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 

വിഡിയോ പ്രചരിച്ചതിനുപിന്നാലെ വലിയ തോതില്‍ ട്രോളുകളും എത്തിയിരുന്നു. തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന രീതിയിലാണ് ഇടതു പ്രൊഫൈലുകളില്‍ വിഡിയോയെ പരിഹസിച്ചത്. എന്നാല്‍ വേണുഗോപാല്‍ കപ്പ പുഴുങ്ങിയത് മാത്രം കാണാതെ അദ്ദേഹം പറയുന്നത് കൂടി കേള്‍ക്കണമെന്നാണ് കോണ്‍ഗ്രസ് പേജ് പറയുന്നത്. 

'എന്ത് കൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നത് എന്നതിന്റെ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചു കൊടുത്ത ഭാഗം കാണിക്കാതെ കപ്പക്ക് പിറകെ പോയ മാധ്യമങ്ങൾക്ക് സമർപ്പിക്കുന്നു,' എന്ന് കുറിച്ചാണ് കോണ്‍ഗ്രസ് പേജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുടുംബ ബജറ്റിനെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേതെന്ന് വേണുഗോപാല്‍ വിഡിയോയില്‍ പറയുന്നു. 

'54 ശതമാനം മുതല്‍ 82 ശതമാനം വരെ പത്ത് വര്‍ഷത്തിനിടെ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കേരളത്തിലെ വിലക്കയറ്റം. വരുമാനം കൂടുന്നില്ല അതിനനുസരിച്ച, എങ്ങനെ കുടുംബം മുന്നോട്ട് പോകും. സാധരണക്കാരന്‍റെ ഗവണ്‍മെന്‍റ് എന്ന് പറയുന്നവര്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്,' വേണുഗോപാല്‍ പറഞ്ഞു.