Image Credit:pmcares.gov.in
കേന്ദ്രസർക്കാർ പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഫണ്ട് വിനിയോഗത്തെച്ചൊല്ലി വിമർശനം ശക്തം. 2025 മാർച്ച് 31ന് ഫണ്ടിൽ ആകെ 8,452 കോടി രൂപ ഉണ്ടായിരുന്നെങ്കിലും അതിൽ വെറും 0.01 ശതമാനം മാത്രമാണ് 2024-25 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്ക്.
റിപ്പോർട്ട് പ്രകാരം, ഫണ്ടിലെ 8,452 കോടി രൂപയിൽ 7,846 കോടി രൂപ സ്ഥിരനിക്ഷേപമായും 605 കോടി രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലുമാണ് സൂക്ഷിച്ചിരുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്കായി ചെലവഴിച്ചത് 87.8 ലക്ഷം രൂപ മാത്രമാണ്. മുൻ സാമ്പത്തിക വർഷം ഈ പദ്ധതിക്കായി 15.37 കോടി രൂപ ചെലവഴിച്ചിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഫണ്ടിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുമ്പോൾ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നായിരുന്നു വിമർശനം. ഫണ്ട് വിനിയോഗത്തെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേര, 8,452 കോടി രൂപ ഉപയോഗിക്കാതെ കിടക്കുമ്പോൾ ജനങ്ങൾ ദുരിതത്തിലാണെന്ന് വിമർശിച്ചു.
എന്നാൽ, ഫണ്ട് അടിയന്തര സാഹചര്യങ്ങളിലും ദേശീയ പ്രതിസന്ധികളിലും ഉപയോഗിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നതാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. വലിയൊരു തുക സ്ഥിരനിക്ഷേപമായി സൂക്ഷിക്കുന്നതിലൂടെ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന സാമ്പത്തിക കരുതൽ ഉറപ്പാക്കുകയാണെന്നും അതിൽ നിന്ന് പലിശ വരുമാനവും ലഭിക്കുന്നുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനയിലും കഴിഞ്ഞ സാമ്പത്തിക വർഷം ഇടിവുണ്ടായി. 2024-25ൽ ആഭ്യന്തര സംഭാവന 30 ശതമാനം കുറഞ്ഞ് ഏകദേശം 479 കോടിയായി. വിദേശ സംഭാവന 18 ശതമാനം കുറഞ്ഞ് 92.8 ലക്ഷമായി. 2023-24 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര സംഭാവന 681.8 കോടി രൂപയും വിദേശ സംഭാവന 1.13 കോടി രൂപയുമായിരുന്നു. 2020-21ൽ ആഭ്യന്തര സംഭാവന 7,184 കോടി രൂപയായിരുന്നു. പിന്നീട് ഇത് 2021-22ൽ 1,896 കോടി രൂപയായും 2022-23ൽ 909 കോടി രൂപയായും കുറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരാൻ ഏറെ വൈകിയതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 2026 ഓഗസ്റ്റ് 7നാണ് ഓഡിറ്റ് പൂർത്തിയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചാർട്ടേഡ് അക്കൗണ്ടന്റുമാരും നികുതി വിദഗ്ധരുമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഓഡിറ്റ് നടപടികളിലെ കാലതാമസം ചോദ്യം ചെയ്തു. സ്വകാര്യ ചാരിറ്റബിൾ ഫണ്ടുകൾക്ക് ബാധകമായ ഓഡിറ്റ് മാനദണ്ഡങ്ങൾ പിഎം കെയേഴ്സ് ഫണ്ടിനും ബാധകമല്ലേയെന്ന ചോദ്യവും ഉയർന്നു.
കൊവിഡ് അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമായി കേന്ദ്രസർക്കാർ രൂപീകരിച്ച ഫണ്ടാണ് പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (Prime Minister’s Citizen Assistance and Relief in Emergency Situations) എന്ന പിഎം കെയേഴ്സ് ഫണ്ട്. സംഭാവനകളാണ് ഫണ്ടിന്റെ പ്രധാന വരുമാനം. കേന്ദ്ര ബജറ്റിൽ നിന്നുള്ള നേരിട്ടുള്ള ധനസഹായം ഫണ്ടിന് ലഭിക്കുന്നില്ല. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ്-ഓഫീഷ്യോ ചെയർമാൻ.