ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു തന്‍റെ നിലപാടെന്ന് രമേശ് ചെന്നിത്തല. സസ്പെന്‍ഷന്‍ പാര്‍ട്ടി കൂട്ടായിട്ടെടുത്ത തീരുമാനമാണെന്നും വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിച്ചുവെന്നും അദ്ദേഹം മനോരമഹോര്‍ത്തൂസ് വേദിയില്‍ വെളിപ്പെടുത്തി. പുതിയ ആരോപണങ്ങളുടെ സാഹചര്യത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും ഇപ്പോഴത്തെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പൊലീസ് നടപടിയെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. രാഹുലിനെ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും കെസി പറഞ്ഞു. നിലവിലെ സംഭവവികാസത്തില്‍ പുതുമ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്‍റെ പ്രതികരണം. ആരോപണം വന്നപ്പോഴെ രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തുവെന്നും നിമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് കിട്ടിയ ഇരയാണ് പരാതിക്കാരിയെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിലപാട്. സ്വര്‍ണക്കൊള്ള വഴി മാറ്റാനുള്ള തന്ത്രമാണിതെന്നും കോന്നിയിലും ആറ്റിങ്ങലിലും താനിത് നേരിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നേരത്തെ എന്തുകൊണ്ടാണ് യുവതി പരാതിപ്പെടാതിരുന്നതെന്നും യുവതി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യമാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഉയര്‍ത്തിയത്. പരാതി നല്‍കാന്‍ തിരഞ്ഞെടുത്ത സമയത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.