രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ യുവതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. തന്നെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നതാണ് പ്രധാന പരാതി. കുട്ടിയുണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി നശിക്കുമെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നതുമായിരുന്നു രാഹുലിന്റെ ആവശ്യം. തനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.
ഗര്‍ഭഛിദ്രം നടത്താന്‍ രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നല്‍കിയതെന്നും പിന്നാലെ പലതവണ രാഹുല്‍ ഫോണ്‍ വിളിക്കുകയും, വിഡിയോ കോള്‍ ചെയ്ത് ഗുളിക കഴിച്ചെന്ന് ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതി നല്‍കിയ മൊഴികളില്‍ ഗർഭഛിദ്രം ആണ് മുഖ്യകുറ്റമായി പൊലീസ് കാണുന്നത്. അശാസ്ത്രീയ നിർബന്ധിത ഗർഭഛിദ്രം ജാമ്യമില്ലാ കുറ്റമാണ്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാമെന്നതാണ് നിയമോപദേശം. ജൂണ്‍ മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്.
പരാതിയ്ക്ക് ആധാരമായ മെഡിക്കല്‍ രേഖകള്‍ പര്യാപ്തമാണെന്നും രഹസ്യമൊഴി രേഖപ്പെടുത്തി തെളിവ് ശക്തമാക്കാമെന്നതുമാണ് പൊലീസിന്റെ നിലപാട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും നിര്‍ബന്ധിതമായി ഗര്‍ഭഛിദ്രം നടത്തിച്ചതിനുമാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു എഫ്ഐആര്‍ തയ്യാറാക്കിയത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
ഫോണ്‍ സംഭാഷണം, ഡിജിറ്റല്‍ തെളിവുകള്‍ എല്ലാം പരാതിക്കാരി പൊലീസിനു കൈമാറിയിട്ടുണ്ട്. കേസില്‍ പ്രതിയായ രാഹുലിനെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. കേരളത്തിലും കോയമ്പത്തൂരും ഉള്‍പ്പെടെ രാഹുലിനായി പൊലീസ് വലവിരിച്ചു കഴിഞ്ഞു. പരാതി നല്‍കിയെന്നറിഞ്ഞതിനു പിന്നാലെ തന്നെ പാലക്കാട് എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ രക്ഷപ്പെട്ടിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് രാഹുലിനായി ഹാജരാവുകയെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത രാഹുലിന്റെ നില മാറിയത്. വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കല്‍ രാത്രി പതിനൊന്നരയോടെ പൂര്‍ത്തിയായി. രാവിലെ ആറുമണിയോടെയാണ് വലിയമലയില്‍ നിന്നും നേമം പൊലീസ് സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയത്. അതേസമയം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിന് നിയമസാധുത കുറവാണെന്നാണ് വിവരം. നിര്‍ബന്ധിത അശാസ്ത്രീയ ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നതാണ് പ്രധാന കുറ്റമായി പൊലീസ് എടുത്തിരിക്കുന്നത്.