തൃശൂർ രാഗം തിയറ്ററിന്റെ നടത്തിപ്പുക്കാരൻ സുനിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രവാസി വ്യവസായി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. സിനിമാ നിർമാതാവാണ് റാഫേൽ. സിനിമാ വിതരണത്തിലെ സാമ്പത്തിക തർക്കമാണ് ക്വട്ടേഷന് കാരണം.
മലയാള സിനിമകൾ രാജ്യത്തിന് പുറത്ത് വിതരണം ചെയ്യുന്നതിൽ ബിസിനസ് പങ്കാളികളായിരുന്നു റാഫേൽ പൊഴോലിപ്പറമ്പിലും സുനിൽ വെളപ്പായയും. സിനിമ വിതരണത്തിലെ ലാഭത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഒരു വർഷം മുമ്പ് റാഫേലിന്റെ കൂട്ടാളിയായ തൃശൂർ പറവട്ടാനി സ്വദേശി സിജോ തിയേറ്ററിലെത്തി സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. റാഫേലിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ഈ പരാതിയിൽ റാഫേലും സിജോയും കൂട്ടുപ്രതികളാണ്.
സുനിലിനെയും ഡ്രൈവറെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചതിൽ മുഖ്യപ്രതി സിജോ ആയിരുന്നു. മൂന്നുലക്ഷം രൂപയ്ക്ക് ഗുണ്ടകൾക്ക് കൊട്ടേഷൻ കൊടുത്തത് സിജോയായിരുന്നു. റാഫേലിന്റെ നിർദ്ദേശപ്രകാരം സിജോ നൽകിയ കൊട്ടേഷൻ ആണെന്നാണ് പോലീസിന്റെ സംശയം. വിദേശത്തുള്ള റാഫേൽ രാജ്യത്ത് വിമാനം ഇറങ്ങിയാൽ പിടികൂടാൻ വേണ്ടിയാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്.
റാഫേൽ പൊഴോലിപറമ്പിലിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. വീട് പൂട്ടിയ നിലയിൽ ആയിരുന്നു. സിനിമ നിർമാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമാണ് റാഫേൽ. പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. ആക്രമണ കേസിൽ സിജോ ഉൾപ്പെടെ ആറുപ്രതികൾ റിമാൻഡിൽ ആണ്.