വിലായത്ത് ബുദ്ധയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി മല്ലിക സുകുമാരന്‍. പൃഥ്വിരാജിനെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. സിനിമയ്ക്കുള്ളിലുള്ളവരാണ് ആക്രമണം നടത്തുന്നത് . വ്യക്തി വിരോധം തീർക്കാനാണ് ശ്രമം. ഇത് ചോദിക്കാന്‍ സിനിമ സംഘടനകളുമില്ല. സൈബർ ആക്രമണം നടത്തിയവരുടെ ഐ.ഡി ഉൾപ്പെടെ താൻ ശേഖരിച്ചു. തിലകന്‍റെ മകന്‍ തിരിച്ചുവന്നതും ചിലര്‍ക്ക് പ്രശ്നമെന്നും മല്ലിക മനോമര ന്യൂസിനോടു പറഞ്ഞു.
Also Read: 'മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മി ഉള്‍പ്പടെയുള്ളവരോട് ബഹുമാനം'
വിലായത്ത് ബുദ്ധയ്ക്കെതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മല്ലിക കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പും ഇട്ടിരുന്നു. ''യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്‍റെയും വല്ല പെണ്ണിന്‍റെയും, ഒന്നുമറിയാത്ത കുഞ്ഞിന്‍റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു'' എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്. പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ് പങ്കുവെച്ചത്.
സിനിമയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും ഷമ്മി തിലകൻ തന്‍റെ നിലപാട് അറിയിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു.