സംസ്ഥാന കായികമേളയിലെ പ്രായത്തട്ടിപ്പ് പുറത്തുവന്നതോടെ കോഴിക്കോട് ജില്ലാ കായിക മേളയിലെ മല്‍സരഫലങ്ങളും സംശയമുനയില്‍. പിടിയിലായ ഇരുവരും കോഴിക്കോട് ജില്ലാ കായിക മേളയില്‍ സ്വര്‍ണമെഡല്‍ ജേതാക്കളാണ്. അതിനാല്‍ സംസ്ഥാന കായിക മേളയിലേതിന് സമാനമായി ജില്ലാകായിക മേളയിലും മെഡല്‍ അപ്ഗ്രേഡ് ചെയ്ത് നല്‍കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.
അണ്ടര്‍ 19 വിഭാഗത്തില്‍ 21 വയസുള്ള കായികതാരം മല്‍സരിച്ചുെവെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശുകാരിയാണ് പ്രായതട്ടിപ്പ് നടത്തി മല്‍സരിച്ചത്. സംസ്ഥാന കായികമേളയില്‍ ഇവര്‍ 100, 200 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതിനാല്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തവര്‍ക്ക് മെഡല്‍ അപ്ഗ്രേഡ് ചെയ്ത് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതേ വിദ്യാര്‍ഥിയാണ് കോഴിക്കോട് ജില്ലാകായികമേളയിലും സ്വര്‍ണം കൊണ്ടുപോയത്. അതിനാല്‍ ജില്ലയിലും മെഡല്‍ അപ്ഗ്രഡേഷന്‍ നല്‍കണമെന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് കായികതാരങ്ങളും അതാത് സ്കൂളുകളും വിദ്യാഭ്യാവകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധ്യയന വര്‍ഷം തീരുന്നതിന് മുമ്പ് തന്നെ തീരുമാനം ഉണ്ടാക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.