കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ലേബര്‍ കോഡ് തൊഴിലാളി വിരുദ്ധമെന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ വേതന–സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡിന്‍റെ കരട് വിജ്ഞാപനം 2021 ല്‍ കേരളത്തില്‍ ഇറങ്ങിയെന്ന് രേഖകള്‍. 'കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021' എന്ന പേരില്‍ ഡിസംബര്‍ 14ന് വിജ്ഞാപനം ചെയ്ത കരടുചട്ടം ട്രേഡ് യൂണിയനുകള്‍ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് അന്തിമ വിജ്ഞാപനത്തിലേക്ക് കടന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പരിശോധിക്കുമെന്നും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ലേബര്‍ കോഡില്‍ കേരളത്തിന് ഉറച്ച നിലപാടാണ് ഉള്ളതെന്നും ഏകപക്ഷീയമായാണ് കേന്ദ്രം കോഡ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥ തലത്തിലുണ്ടായ നടപടിക്രമം മാത്രമാണിതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ടുപോകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ത്തു കൊണ്ട് ജംഗിള്‍ രാജ് നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നായിരുന്നു സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. വിഷയം തൊഴില്‍മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് എഐടിയുസി അറിയിച്ചു.
തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് കേരളം മുന്‍പ് പാസാക്കിയ എട്ട് ചട്ടങ്ങള്‍ക്കു പകരമായാണ് കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021 കൊണ്ടുവരാന്‍ ഒരുങ്ങിയത്. 1958ലെ കേരള മിനിമം വേജസ് ചട്ടവും വേതനം നല്‍കലുമായി ബന്ധപ്പെട്ട ഏഴ് ചട്ടങ്ങളുമാണ് പുതിയ ചട്ടത്തിന്‍റെ കരടില്‍ ഒഴിവാക്കിയത്. 10 അധ്യായങ്ങളിലായി 55 പാരഗ്രാഫുകള്‍ ഉള്ള കരടുചട്ടമാണ് വിജ്ഞാപനം ചെയ്തിരുന്നത്. കരട് സംബന്ധിച്ച ആക്ഷേപം അറിയിക്കാന്‍ 45 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.
ഇന്‍ഷൂറന്‍സ്, പ്രൊവിഡന്‍റ് ഫണ്ട്, രക്ഷിതാക്കള്‍ക്കുള്ള ചികില്‍സാ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സാമൂഹിക സുരക്ഷാ കോഡ്. വേതന കോഡാവട്ടെ അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളിലും മിനിമം വേതനം നിയമപരമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനമാണ് നല്‍കേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പിഴയും ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷയും ലഭിക്കും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്കരിക്കണമെന്നും വ്യവസ്ഥയുണ്ട്. വേതന നിരക്കിന് സ്ത്രീ പുരുഷ വ്യത്യാസമില്ല.