പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൻ വാസു ഉദ്യോഗസ്ഥനായിരുന്നെന്നും പത്മകുമാർ അങ്ങനെയല്ല എന്നും ഗോവിന്ദന്‍ ജില്ലാ കമ്മിറ്റിയില്‍ തുറന്നടിച്ചു. എന്‍. വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിനു വിധി പറയും.

Also Read:'പത്മകുമാറിനെതിരെ നടപടി എടുത്താല്‍ പാർട്ടിയിലെ ദൈവതുല്യന്‍റെ പേര് പറയും'; രാഹുല്‍ മാങ്കൂട്ടത്തില്‍

സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ.പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്നു കരുതിയ എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയില്‍ അതുണ്ടായില്ല. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന പാര്‍ട്ടി പ്രതിസന്ധിയില്‍ എ.പത്മകുമാറിനെ പേരെടുത്തു പറഞ്ഞു തന്നെ ഗോവിന്ദന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടാണ് താൻ വരുന്നതെന്നും കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പായിരുന്നു പ്രധാന അജണ്ട. അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും പിന്നീട് നടപടി എന്നും എം വി  ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു

​എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ്  കൊല്ലം വിജിലന്‍സ് കോടതി ഡിസംബര്‍ 3ന് വിധി പറയാന്‍ മാറ്റിയത്  . എന്‍വാസുവിന്‍റെ അറിവോടെയാണ് സ്വര്‍ണക്കൊള്ള നടന്നതെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ വിരമിച്ചതിനു ശേഷമാണ് കട്ടിളപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും ബോര്‍ഡിന്‍റെ ഉത്തരവ് ഇറങ്ങിയപ്പോഴേക്കും ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു എന്‍ വാസുവിന്‍റെ  പ്രതിവാദം. കേസില്‍ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്.ബൈജുവിന്‍റെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വിധി പറയും. 

ENGLISH SUMMARY:

MV Govindan criticizes party members who betrayed trust in Pathanamthitta. The state secretary addressed concerns regarding A Padmakumar and N Vasu, highlighting issues related to the gold smuggling case and party responsibilities.