എസ്.ഐ.ആറിന് സ്കൂള്‍ കുട്ടികളെ വൊളന്‍റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ബി.എൽ.ഒമാരെ സഹായിക്കാൻ വിദ്യാർഥികളെ വൊളന്‍റിയർമാരാക്കുന്നതിൽ തെറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ  ഖേൽക്കർ മനോരമന്യൂസിനോട് പറഞ്ഞു. 

Also Read: 'എന്നാ ഇതും കൂടിയെടുത്തോ'; നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് ബിഎല്‍ഒ


എസ്. ഐ. ആറിന് സ്കൂൾ വിദ്യാർത്ഥികളുടെ സേവനം ആവശ്യപ്പെട്ട്  കോഴിക്കോട് ജില്ലാ ഭരണകൂടംസ്കൂളുകള്‍ക്ക് കത്തു നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്.  എസ്.ഐ.ആറില്‍ സ്കൂള്‍കുട്ടികളെ ഉള്‍പ്പെടുന്നത് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രിതന്നെ രംഗത്തെത്തി. പഠനം മുടക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല.  കുട്ടികള്‍ എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ ആര് ഉത്തരം പറയുമെന്നും മന്ത്രി ചോദിച്ചു. 

കുട്ടികളെ നിർബന്ധിച്ച് എസ്.ഐ.ആറിന്റെ ഭാഗമാക്കില്ലെന്നും എന്നാല്‍ കുട്ടികള്‍പങ്കെടുക്കുന്നത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. ബി.എൽ.ഒമാരെ സഹായിക്കാനാണ് കുട്ടികളുടെ സേവനം തേടുന്നത്. ഡിജിറ്റൈസേഷനും മാപ്പിങിനുമാണ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കുക എന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരെ സഹയിക്കാൻ സ്കൂൾ വിദ്യാർത്ഥികളുടെ സേവനം  ആവശ്യപ്പെട്ട് കോഴിക്കോട്  ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരാണ് സ്കൂളുകൾക്ക് കത്തു നൽകിയത്.സ്കൂളുകളിലെ NSS, NCC, സ്കൗട്ട് വോളണ്ടിയർമാരെ നൽകണം എന്നാണ് ആവശ്യം. കുട്ടികളുടെ പേരുവിവരങ്ങൾ പട്ടികയായി നൽകാനാണ് ആവശ്യപ്പെട്ടത്. അര്‍ധ വാര്‍ഷിക പരീക്ഷക്ക് തൊട്ടു മുന്‍പ് കുട്ടികളെ എസ്.ഐ.ആറിന്‍റെ ഭാഗമാക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Kerala school news focuses on the Kerala government opposing the Election Commission's decision to involve school students as volunteers for SIR activities. Minister V. Sivankutty has instructed the Director of Public Education against deploying students, sparking debate over the role of students in election-related tasks.