ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ കൈവിലങ്ങ് അണിയിച്ചതില്‍ അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്  റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ കസ്റ്റഡിയില്‍ വിടുന്നതില്‍ നാളെ തീരുമാനം.

എന്‍.വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയപ്പോഴാണ് ഒരു കയ്യില്‍ വിലങ്ങ് അണിയിച്ചത്. ഇത് നിയമവിരുദ്ധമെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അക്രമിക്കാനും ചാടിപ്പോകാനും സാധ്യതയുള്ളവര്‍, ആത്മഹത്യാ പ്രവണത പുലര്‍ത്തുന്നവര്‍, യു.എ.പി.എ പോലെ അതിഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ എന്നിവര്‍ക്ക് മാത്രം കൈവിലങ്ങ് നിര്‍ബന്ധമെന്നാണ് സുപ്രീംകോടതി ഉത്തരവുകള്‍. ഈ സാഹചര്യമൊന്നുമില്ലാതിരുന്നിട്ടും കൈവിലിങ്ങ് അണിയിച്ചത് അനാവശ്യ നടപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസ് എ.ആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്‍റിനോട് റിപ്പോര്‍ട്ട് തേടിയത്.

തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ ഒരു എസ്.ഐയുടെ നേതൃത്വത്തിലെ അഞ്ച് പൊലീസുകാര്‍ക്കായിരുന്നു സുരക്ഷാ ചുമതല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി വേണോയെന്ന് തീരുമാനിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അതിനിടെ സ്വര്‍ണക്കൊള്ളയിലെ ഉന്നത ബന്ധങ്ങള്‍ തേടിയുള്ള നിര്‍ണായക ചോദ്യം ചെയ്യല്‍ നാളെ തുടങ്ങാനാകുമെന്നാണ് എസ്.ഐ.ടിയുടെ പ്രതീക്ഷ. പത്മകുമാറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ നാളെ കോടതി വിധി പറയും. പത്മകുമാറിന്‍റെ മൊഴി അനുസരിച്ചാവും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശബരിമല തന്ത്രി പോലുള്ളവരിലേക്ക് അന്വേഷണം പോവുക. എന്‍.വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷയും കോടതി പരിഗണിച്ച് വരികയാണ്.

ENGLISH SUMMARY:

An investigation has begun into the alleged unnecessary handcuffing of former Devaswom Commissioner N. Vasu during his production in court in the Sabarimala gold heist case. The Thiruvananthapuram City Police Commissioner has sought a detailed report, and action against officers is likely. Discussions are also underway within the CPM district committee regarding the possible removal of Padmakumar. The bail plea of Vasoo will be considered today.