ശബരിമല സന്നിധാനത്ത് ഇന്നെത്തിയ ഭക്തര്‍ക്ക് സംതൃപ്തിയോടെ സുഖദര്‍ശനം. മണ്ഡലക്കാലം തുടങ്ങിയ ശേഷം ഇന്നാണ് ഏറ്റവും കുറവ് ഭക്തര്‍ മലചവിട്ടിയത്. ഇന്ന് സന്നിധാനത്ത് എത്തിയത് അരലക്ഷത്തോളം പേര്‍ മാത്രം.
പമ്പയില്‍ നിന്ന് സന്നിധാനം വരെ വരി നില്‍ക്കാതെ പതിനെട്ടാം പടി ചവിട്ടാനായതിന്റെ സംതൃപ്തിയിലാണ് സ്വാമിമാര്‍. നടപ്പന്തലിലും നിയന്ത്രണം ഉണ്ടായില്ല.
തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും നിലയ്ക്കലിലും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയാണ് ഇന്നത്തെ ദിനം. അവധി ദിവസമായിരുന്നിട്ടും അന്‍പതിനായിരത്തോളം പേര്‍ മാത്രമാണ് മല ചവിട്ടിയത്. ഇടയ്ക്കിടെ പെയ്ത മഴ മാത്രമായിരുന്നു ഇന്ന് ഭക്തരെ വലച്ചത്. തിരക്കിന്റെ സ്ഥിതി അനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നതില്‍ സമിതിക്ക് തീരുമാനമെടുക്കാം. എന്നാല്‍ ഡിസംബര്‍ 25 വരെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായതിനാല്‍ സ്പോട് ബുക്കിങ്ങ് തേടി എത്തുന്ന ഭക്തരുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടാനിടയുണ്ട്.