ശബരിമല മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെ സഹപാഠിയാണ് സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഷോജു. ഇരുപത്തിയാറ് വര്‍ഷം മുന്‍പ് ഐടിഐയില്‍ ആണ് രണ്ടുപേരും ഒരുമിച്ച് പഠിച്ചത്. വാഹനങ്ങളോടുള്ള താല്‍പര്യം കാരണം മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക് കോഴ്സ് ആണ് ഇരുവരും ഒരുമിച്ച് പഠിച്ചത്.
ചാലക്കുടി ഏറന്നൂര്‍ മനയില്‍ പ്രസാദ് നമ്പൂതിരിയും മേലൂര്‍ സ്വദേശി ഷോജുവും 1997 മുതല്‍ 99വരെ രണ്ടുവര്‍ഷം ചാലക്കുടി ഗവണ്‍മെന്‍റ് ഐടിഐയില്‍ ആണ് ഒരുമിച്ച് പഠിച്ചത്. പ്രസാദ് നമ്പൂതിരി പിന്നീട് മഹാക്ഷേത്രങ്ങളിലെ മേല്‍ശാന്തിയും തന്ത്രിയും ആയി. ഷോജു പൊലീസ് ഉദ്യോഗസ്ഥനായി. നിലവില്‍ തൃശ്യൂര്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ എ.എസ്.ഐ ആണ്. ഇതിനിടെയാണ് പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. അപ്പോള്‍ സതീര്‍ഥ്യനെ ഓര്‍ത്തു.
മേല്‍ശാന്തിയെ കാണാനെത്തുന്ന തീര്‍ഥാടകരെ നിയന്ത്രിക്കുന്നതും ശ്രീകോവിലിലേക്ക് നയിക്കുന്നതും എല്ലാം സുരക്ഷാ ചുമതലയുള്ള ഷോജുവാണ്. വരുന്ന ഒരുവര്‍ഷക്കാലം പ്രസാദ് നമ്പൂതിരി പുറപ്പെടാ ശാന്തിയായി സന്നിധാനത്തുണ്ടാവും. കരുതലും ഉലയാത്ത കാല്‍ നൂറ്റാണ്ട് പിന്നിട്ട സൗഹൃദവുമായി ഷോജുവും.