ആലപ്പുഴ പുന്നമടസ്റ്റാർട്ടിങ്ങ് പോയൻ്റിൽ ഹൗസ് ബോട്ട് തീപിടിച്ചു കത്തിനശിച്ചു.ആളപായമില്ല. രണ്ട് വിനോദ സഞ്ചാരികളുമായി പോയ ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരികളെ കയറ്റി യാത്രയ്ക്ക് പുറപ്പെട്ട ഉടനെയാണ് അടുക്കള ഭാഗത്ത് നിന്ന് തീ പടർന്നത്. കരയിൽ നിന്നവരാണ് ഹൗസ് ബോട്ടിന് തീപിടിച്ചത് കണ്ട് വിവരം അറിയിച്ചത്. തുടർന്ന് കരയിലേക്ക് അടുപ്പിച്ച് ഹൗസ് ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും നാട്ടുകാരും മറ്റു ബോട്ടുകളിലെ ജീവനക്കാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പൂർണമായും തീ അണയ്ക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഹൗസ്ബോട്ട് വെള്ളത്തിൽ മുക്കി. ബോട്ട് പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്മാണ് ഉണ്ടായത്. തത്തംപള്ളി സ്വദേശി ജോസഫ് വർഗീസിൻ്റെ ഉടമസ്ഥയിലുള്ളതാണ് ബോട്ട് . പാചക വാതക സിലിണ്ടർ ചോർന്നതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ശനിയും ഞായറും ദിവസങ്ങളിൽ കുട്ടനാടൻ കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വൻ തിരക്കാണ് പുന്നമടയിൽ . തീപിടിച്ചതിന് സമീപം നിരവധി ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ്. അവിടേക്ക് പടരുന്നതിന് മുൻപു തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.