പങ്കാളിയെ അതിക്രൂരമായി മർദിച്ചതിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവത്തിനെ ബിജെപി എറണാകുളം ജില്ല നേതൃത്വം സംരക്ഷിച്ചുവെന്ന് ആരോപണം. തന്നെയും ഭർത്താവിനെയും ജാതീയമായി ആക്ഷേപിച്ചുവെന്നും പരാതി നൽകിയെങ്കിലും ബിജെപി ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞെന്നും പാർട്ടിയുടെ ഓഫീസ് ജീവനക്കാരിയും പ്രാദേശിക നേതാവുമായ ലിജി. പരാതി അവഗണിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഗോപു പരമശിവനെ ബിജെപി പുറത്താക്കി.
പങ്കാളിയെ അതിക്രൂരമായി മർദിച്ചതിന് ഇന്നലെ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവന്‍റെ പശ്ചാത്തലത്തെക്കുറിച്ച് ബിജെപിയിലെ വനിത നേതാക്കൾ നേതൃത്വത്തെ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനതലത്തിലെ വനിതാനേതാക്കളുടെ മുന്നറിയിപ്പും എതിർപ്പും ജില്ലാ നേതൃത്വം അവഗണിച്ചാണ് ഗോപുവിനെ പാർട്ടിയിലെടുത്തതെന്നും ആരോപണം ഉയർന്നു. ഗോപുവിനെതിരെ മരട് പൊലീസിൽ പരാതി നൽകിയശേഷം പാർട്ടി പ്രാദേശിക നേതാവായ ലിജി രൂക്ഷമായാണ് പ്രതികരിച്ചത്.
എൽജെപിയിൽ നിന്ന് ബിജെപിയിൽ എത്തിയ ഗോപുവിന് യുവമോർച്ചയുടെ ജില്ലാ നേതൃനിരയിൽ നിർണായക പദവികൾ ലഭിച്ചു.ജില്ലയിലെ ചില നേതാക്കളുടെ പൂർണപിന്തുണ ലഭിച്ചതോടെയാണ് ആരെയും കൂസാതെയായിരുന്നു ഗോപുവിന്റെ പെരുമാറ്റവും പ്രവർത്തനവും എന്നാണ് ആരോപണം. നേതൃത്വത്തിലേക്ക് രുക്ഷമായ ആരോപണം വന്നതോടെയാണ് ഗോപുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതും.