ശബരിമല സ്വര്‍ണത്തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.  സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കട്ടിളപ്പാളി പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം പത്മകുമാറിന്റേതായിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു ഈ ഇടപെടല്‍. സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിനുശേഷമാണ്. പോറ്റിക്ക് അനുകൂലമായി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. പത്മകുമാറിനെതിരെ എസ്ഐടിക്ക് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. FIRST ON MANORAMA NEWS

അടുത്തത് കടകംപള്ളി ? 

ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. 

Also Read: ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിന്‍റെ അറസ്റ്റോടെ നാണംകെട്ട് സിപിഎം

ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സി.പി.എം നേതാവുമായ എം.പത്മകുമാര്‍ ജയിലിലാണ് കഴിയുന്നത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. രാത്രി 10 മണിയോടെ  തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ എത്തിച്ചു. തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. 

ENGLISH SUMMARY:

Sabarimala gold scam centers around Padmakumar, according to the remand report. The report states the scam originated with Padmakumar and investigations are underway regarding potential involvement of others.