ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, മുഖ്യമന്ത്രി ഉടൻ ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിയുടെ നിർദ്ദേശപ്രകാരം ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും പൊലീസ് നിസ്സംഗത പാലിച്ചത് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. 5000 പേരെ പ്രണയിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന മന്ത്രിയുടെ മറുപടി അംഗീകരിക്കാനാവില്ലെന്നും സ്ത്രീയുടെ പരാതി ഗൗരവതരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗണേഷിനെതിരായ ആരോപണങ്ങൾ നിസ്സാരമായി കാണില്ലെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ നൽകുന്ന സൂചന.
കൊട്ടാരക്കര വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി. താൻ പകർത്തിയ ദൃശ്യങ്ങളടങ്ങിയ ഫോൺ തട്ടിയെടുക്കാൻ മന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചതായുമാണ് ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണം.
ഇതിനിടെ അവിടെയുണ്ടായിരുന്ന സ്ത്രീയെ കാറിൽ കൊണ്ടുപോയതായും അവർ ആരോപിച്ചു. ബന്ധുവായ ആർ. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം 112-ൽ വിളിച്ച് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങി ഇടപെടാതെ മടങ്ങിയെന്നാണ് ബിന്ദുവിന്റെ പരാതി. നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടുണ്ടെന്നും ഈ വിവരങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താല്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.