ചില മുഹൂർത്തങ്ങൾ അങ്ങനെയാണ്. കണ്ടുനിൽക്കുന്നവർക്ക് അപൂർവ സുന്ദര മുഹൂർത്തമാകും. അങ്ങനെയൊന്ന് ഇന്ന് കൊച്ചി ലേക് ഷോർ ആശുപത്രി കാഷ്വാലിറ്റിയിൽ കണ്ടു. കാറപകടത്തിൽ പരിക്കേറ്റ നവവധു ആവണിയ്ക്ക് ആശുപത്രിയിലെത്തി ഷാരോൺ താലി ചാർത്തി. പിന്തുണയും, സൗകര്യങ്ങളുമൊരുക്കി കൂട്ടുനിന്നത് ആശുപത്രി അധികൃതരും.
തുമ്പോളി സ്വദേശികളാണ് ഷാരോണും ആവണിയും. വിവാഹ ദിനമായ ഇന്ന് പുലർച്ചെ മേയ്ക്കപ്പ് ചെയ്യാനായി പോയതാണ് ആവണി. ആവണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആവണിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ കൊച്ചി ലേക് ഷോറിൽ എത്തിച്ചു.
വിവാഹത്തിലും തുടർന്നുള്ള സൽക്കാരത്തിലും പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവരൊക്കെ വിവാഹവേദിയിലേയ്ക്ക് വരികയാണ്. ഒരു വശത്ത് സദ്യയുടെ ഒരുക്കങ്ങൾ. തലേന്നെ തുടങ്ങിയതാണ് ആഘോഷങ്ങൾ. എല്ലാവരിലും സന്തോഷം. നവ വധൂവരൻമാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ്. മാതാപിതാക്കൾക്കും ഏറെ പ്രധാനപ്പെട്ട ദിവസം. പക്ഷേ പെട്ടെന്നുണ്ടായ അപകടം അവരെ വേദനിപ്പിച്ചതിനൊപ്പം നിരാശരുമാക്കി.
"നിശ്ചയിച്ച സമയത്ത് വിവാഹം നടക്കണമെന്നത് ഞങ്ങളുടെ അഗ്രഹമായിരുന്നു". ഷാരോൺ മനോരമ ന്യൂസിനോട് പങ്കുവച്ച വാചകമാണിത്. അതാണ് ഈ അവസ്ഥയിലും താലി ചാർത്താൻ ഷാരോണിനും ഒപ്പം നിൽക്കാൻ എല്ലാവർക്കും പ്രേരണയായതും. അങ്ങനെ വധുവരൻമാരുടെ വീട്ടുകാർ ചിലർ ആശുപത്രിയിലെത്തി. കാഷ്വാലിറ്റിക്കുമുന്നിൽ നടന്നും ഇരുന്നും ആവണിയുടെ ആരോഗ്യനിലയെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു. തങ്ങളുടെ തീരുമാനം പറഞ്ഞു.
കൊട്ടും, കുരവയുമില്ല. ക്ഷണിച്ചവരെല്ലാമില്ല. രോഗശയ്യയിൽ ആശുപത്രി കിടക്കയിൽ വധു. നവവധുവിനരികിലേയ്ക്ക് വരനെത്തി. ലേക്ഷോർ ആശുപത്രിയിലെ ക്യാഷ്വാലിറ്റി മണ്ഡപമായി. മുൻപ് നിശ്ചയിച്ചതുപോലെ 12.10നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ഷാരോൺ ആവണിയ്ക്ക് താലിചാർത്തി. അതങ്ങനെ മനസു നിറയ്ക്കുന്ന ഒരപൂർവമുഹൂർത്തമായി. വധു വരൻമാരുടെ മാതാപിതാക്കളും, ഡോക്ടർമാരും സാക്ഷി. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർ. അതുകൊണ്ട് ആവണി ചികിത്സയിൽ തുടരും. സർജറി ആവശ്യമാണ്. അത് ഉടനുണ്ടാകും.
ആശുപത്രിയിലെ വിവാഹ സമയം, മനോരമ ന്യൂസിലൂടെ തത്സമയം കണ്ട വിവാഹത്തിനെത്തിയവർക്ക് ആശ്വാസം. അവർ ആവണിയ്ക്കായി പ്രാർഥിച്ചു. സദ്യയൊരുങ്ങി. വിഹാത്തിൻ്റെ സന്തോഷവും, അപകടത്തിൻ്റെ സന്താപവും അവിടെ ഒന്നിച്ചു. ആവണി എത്രയും സുഖം പ്രാപിക്കട്ടെ, ആരോഗ്യവതിയായി തിരിച്ചെത്തട്ടെ എന്ന പ്രാർഥനയിലാണ് കുടുംബാഗങ്ങളും, നാട്ടുകാരും.