TOPICS COVERED

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള അനിലിന്റെ സംഭാഷണമാണ് പുറത്തുവന്നത്.  നിക്ഷേപകന്റെ മകളോട് പൊലീസിനെ സമീപിക്കാൻ നിർദേശിച്ച് അനിൽ. താൻ നേരിടുന്ന ദയനീയ അവസ്ഥ അനിൽ വിവരിക്കുന്നു. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. താൻ പകുതിയായി മാറി,വീട്ടിൽ എല്ലാവരും ദുഃഖിതരാണെന്നും ഫോണ്‍സംഭാഷണത്തില്‍ അനില്‍ പറയുന്നു. 

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ (കെ.അനിൽകുമാർ–58 ) വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസികസംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഓഫിസിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.  ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകർക്ക് നൽകണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താൻ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന് കുറിപ്പിലുണ്ടെന്നു പൂജപ്പുര പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

BJP Councillor Suicide: A BJP councillor in Kerala has died by suicide, and a phone conversation revealing his distress has surfaced. He described his inability to eat or sleep and the distress of his family.