മുന്‍ ദേവസ്വം പ്രസിഡന്‍റും കമ്മിഷണറുമായ എന്‍.വാസുവിനെ ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു ശബരിമല സ്വര്‍ണകവര്‍ച്ചക്കേസില്‍ എ.പത്മകുമാറിന്‍റെ അറസ്റ്റ്. കേസുമായി പത്മകുമാറിന്‍റെ ബന്ധം ഉറപ്പിക്കുന്നതിനായിരുന്നു ചോദ്യംചെയ്യല്‍. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന എന്‍.വാസുവിനെ കോടതിയില്‍ ഹാജരാക്കിയ ഉടനെ ഇന്നു 4 മണിവരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
11.30 ഓടെ വാസുവിനെ പൊലീസ് ക്ലബ്ബിലെത്തിച്ച അന്വേഷണസംഘം കേസില്‍ പത്മകുമാറിന്‍റെ ബന്ധമാണ് പ്രാധാനമായും ആരാഞ്ഞത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്‍.വാസുവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്നലെ തന്നെ അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറന്‍റ് സമര്‍പ്പിച്ചിരുന്നു. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയ ഉടനെ കസ്റ്റഡി ആവശ്യപ്പെട്ടു. വൈകുന്നേരം 4 മണിവരെയാണ് കസ്റ്റഡി അനുവദിച്ചത്.പത്മകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വാസുവിനെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി .പിന്നീട് പൂജപ്പുര ജയിലേക്ക് മാറ്റുകയായിരുന്നു. വാസുവിനെ കോടതിയില്‍ ഹാജരാക്കിയതറിഞ്ഞ് കോടതിക്ക് മുന്നില്‍ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴും , തിരിച്ചുകൊണ്ടു വന്നപ്പോഴും പ്രതിഷേധമുണ്ടായി. സ്വര്‍ണക്കള്ളാ എന്നുവിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ വകഞ്ഞു മാറ്റിയാണ് പൊലീസ് വാസുവിനെ കൊണ്ടുപോയതും, തിരികെയെത്തിച്ചതും.