നിലയ്ക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല സന്നിധാനവും പമ്പയും ശാന്തമായി. അധികസമയം കാത്ത് നില്‍ക്കാതെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുന്നുണ്ട്. ഡിസംബര്‍,ജനുവരി മാസം ബുക്ക് ചെയ്തിട്ട് നേരത്തേ വരുന്നവരെയും നിയന്ത്രിക്കും. എല്ലാം നിയന്ത്രണത്തിലായി എന്ന് ശബരിമല എഡിഎം പറഞ്ഞു.
തീര്‍ഥാടകര്‍ 24 മണിക്കൂറിലധികം കാത്തു നില്‍ക്കേണ്ടി വന്ന ദുരിത കാലം കഴിഞ്ഞു. നിലയ്ക്കലില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സന്നിധാനത്തേക്കുള്ള വഴികളിലെ അപകടസാഹചര്യം ഒഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ പമ്പയിലെത്തിയവര്‍ വരെ രാവിലെ ഏഴ് മണിയോടെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി അടുത്ത മാസങ്ങളില്‍ ദര്‍ശനം ബുക്ക് ചെയ്ത ഇരുപത്തി അയ്യായിരത്തോളം പേരാണ് ഇന്നലെ ദര്‍ശനത്തിന് എത്തിയത്.സ്പോട്ട് ബുക്കിങ് പതിനാലായിരത്തോളം പേര്‍.ബുക്ക് ചെയ്ത തീയതിയില്‍ അല്ലാതെ വരുന്നവര്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ന്യായമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഇവരെ നിയന്ത്രിക്കാനാണ് തീരുമാനം.സന്നിധാനത്ത് എത്തി അടുത്ത ദിവസവും പലവട്ടവും ദര്‍ശനം നടത്തുന്നവരും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.മിനിറ്റില്‍ അറുപത് പേരില്‍ കൂടുതല്‍ തീര്‍ഥാടകരെ പതിനെട്ടാം പടി കയറ്റാന്‍ നിലവില്‍ സാധിക്കുന്നുണ്ട്.പതിനെട്ടാം പടിയിലടക്കം കൂടുതല്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പരാതികള്‍ ഒഴിഞ്ഞു.തിരക്ക് കുറഞ്ഞെങ്കിലും ശുചിമുറിയടക്കമുളള കാര്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പരാതിയുണ്ട്.
തിരക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന് അവലോകന യോഗത്തിന് ശേഷം ശബരിമല എഡിഎം പറഞ്ഞു ദേവസ്വം മെസില്‍ ഭക്ഷണം തികയാത്തത് അടക്കമുള്ള പ്രശ്നം നാളെക്കൊണ്ട് പരിഹരിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞത്.താല്‍ക്കാലിക ജീവനക്കാരുടെ കുറവും പരിഹരിക്കാനുണ്ട്.