ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണക്കൊള്ള‌ക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണം ചെമ്പാക്കിയതില്‍ പത്മകുമാറിനും അറിവെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അതിവിശ്വസ്തനായ എന്‍.വാസുവിന് പിന്നാലെ എ.പത്മകുമാറിന്റെ അറസ്റ്റോടെ സര്‍ക്കാരിലേയും ദേവസ്വം ബോര്‍ഡിലെയും കൂടുതല്‍ ഉന്നതരിലേക്ക് വലവിരിക്കുകയാണ് അന്വേഷണസംഘം. 42 വര്‍ഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ട കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം കമ്മീഷണറായിരുന്ന മുന്‍പ് വാസുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണംപൊതിഞ്ഞ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തെന്നും ഗൂഡാലോചനയില്‍ പങ്കാളിയായെന്നുമാണ് വാസുവിനെതിരായ കുറ്റങ്ങളായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിരത്തുന്നത്. വാസു കഴിഞ്ഞതോടെ അടുത്തത് എ.പത്മകുമാറെന്ന് എസ്.ഐ.ടി ഉറപ്പിച്ചു.

2019 ഫെബ്രുവരി 26നാണ് സ്വര്‍ണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ.പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യോഗം ഈ ഫയലിന് അംഗീകാരം നല്‍കി. അങ്ങിനെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചട്ടങ്ങള്‍ ലംഘിച്ച് കട്ടിളപ്പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയതും സ്വര്‍ണം കവര്‍ന്നതും. അതിനാല്‍ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്ന് എസ്.ഐ.ടി കരുതുന്നത്. കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍. അതേസമയം, കേസില്‍ മുന്‍ദേവസ്വം പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനെ ഇന്ന് വൈകിട്ട് 4 മണി വരെ കസ്റ്റഡിയില്‍ വിട്ടു.

ENGLISH SUMMARY:

A. Padmakumar arrest related to the Sabarimala gold scam marks a significant development in the investigation. The probe is now expanding to higher-ups within the government and Devaswom Board, following the arrest of N. Vasu.