തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ കേസില്‍ മകളുടെ ഭര്‍ത്താവ് പിടിയില്‍. ജീവനൊടുക്കിയ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുബൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ഉണ്ണിക്കൃഷ്ണന്‍റെ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കി അമ്മ സജിത എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

ഇന്നലെയാണ് കമലേശ്വരം ആര്യന്‍കുഴിയില്‍ ശാന്തിഗാര്‍ഡനില്‍ എസ്.എല്‍.സജിതയേയും മകള്‍ ഗ്രീമ എസ്.രാജിനേയും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ അയച്ചിരുന്നു. തുടര്‍ന്നാണ് അയര്‍ലണ്ടില്‍ ജോലിയുളള ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പൊലീസ് വിവരം നല്‍കുന്നത്. വിദേശത്തേയ്ക്ക് കടക്കാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഉടന്‍ കേരള പൊലീസിന് കൈമാറും. 

മരണത്തിന് കാരണം ഉണ്ണിക്കൃഷണനാണെന്നു വ്യക്തമാക്കുന്ന മരണ സന്ദേശത്തില്‍ ഇയാളുടെ ആറുവര്‍ഷത്തെ ക്രൂരപീഡനങ്ങളെപ്പറിയും വിവരമുണ്ട്. 200ലധികം പവന്‍ സ്വര്‍ണവും വസ്തുവും വീടുമെല്ലാം നല്കിയാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചത്. 25 ദിവസം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാന്‍ ആകുന്നില്ലെന്നും സജിത ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ അയച്ച കുറിപ്പിലുണ്ട്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഉണ്ണിക്കൃഷ്ണനെ ഗ്രീമ കണ്ടിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വിവാഹബന്ധം തുടരാനാകില്ലെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞെന്നും ബന്ധുക്കള്‍ മൊഴി നല്കിയിട്ടുണ്ട്. 

അതേസമയം അമ്മയ്ക്കും മകള്‍ക്കും സയനൈഡ് എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് ദുരൂഹത ഉണ്ട്്. സജിതയുടെ ഭര്‍ത്താവും മുന്‍ കൃഷി ഒാഫീസറുമായ രാജീവ് ഒരുമാസം മുമ്പ് ഹൃദയാഘാതത്തേത്തുടര്‍ന്ന് മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സജിതയുടേയും ഗ്രീമയുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

ENGLISH SUMMARY:

The police have arrested Unnikrishnan, the husband of Greema, in connection with the double suicide of a mother and daughter in Kamaleswaram, Thiruvananthapuram. Sajitha and her daughter Greema were found dead after consuming cyanide, allegedly due to years of mental harassment by Unnikrishnan. The accused was intercepted by airport authorities at Mumbai while attempting to flee to Ireland, where he is employed.