സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരവേ, നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ അതിവേഗ റെയിൽപാത പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്കായി ഡിപിആർ (വിശദ പദ്ധതിരേഖ) തയാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തിയതായാണ് വിവരം. ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആർ തയ്യാറാക്കുക. ഇതിനായി പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുന്‍പ് 2009ൽ സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരം ഇ.ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതയ്ക്കായി ഡിപിആർ തയാറാക്കി തുടങ്ങിയിരുന്നു. ഇതിൽ മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പദ്ധതിയെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗപാതയാണ് ലക്ഷ്യമിടുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികനരേഖ പ്രകാശനവും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും മോദി തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് ഇരുപത്തയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി ശ്രമം. നാലു പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടുകയും ചെയ്യും. ഉച്ചയോടെ അദ്ദേഹം മടങ്ങും.