ബസുകൾ യാത്രക്കാരില്ലാതെ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ അന്തര്‍ സംസ്ഥാന റൂട്ടുകളിൽ ഡൈനാമിക് ടിക്കറ്റ് പ്രൈസിങിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. വാരാന്ത്യ അവധികളല്ലാത്ത ദിവസങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഒഴിവാക്കി നഷ്ടം കുറയ്ക്കാനാണു പുതിയ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തത്. രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മാതൃകയാണ് ഇതിനായി സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ഡറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തു കഴിഞ്ഞു.
ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം എ.സി ബസുകളിലാണ് ആദ്യം ഡൈനാമിക് പ്രൈസിങ് ഏർപ്പെടുത്തുക. പുതിയ ടിക്കറ്റ് സമ്പ്രദായം എന്നുമുതല്‍ നിലവില്‍ വരുമെന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാവും. പ്രവൃത്തി ദിവസങ്ങളിൽ ബസുകൾ ഒരു വശത്തേയ്ക്ക് കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ ഡൈനാമിക് പ്രൈസിങ്ങിലൂടെ സാധിക്കുമോയെന്നാണ് പ്രധാനമായും നോക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ കേരള ആർടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളിൽ പലപ്പോഴും ടിക്കറ്റ് നിരക്ക് കുറവാണതും പുതിയ തീരുമാനത്തിനു കാരണമായി.
ഡൈനാമിക് പ്രൈസിങ്
ഒരു ബസിൽ ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം സീറ്റുകളിലെ ടിക്കറ്റുകൾക്കാണ് നിരക്കിളവുണ്ടാകുക. ഉദാഹരണത്തിന് 50% വരെ സീറ്റുകൾ ഈ വിഭാഗത്തിൽ അനുവദിക്കും. ബാക്കി വരുന്ന 40% സീറ്റുകളിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഒരാഴ്ചക്കുള്ളിൽ ടിക്കറ്റെടുത്താൽ പതിവ് നിരക്കും 10 % സീറ്റുകളിൽ 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും. വിമാന കമ്പനികളാണ് ഡൈനാമിക് പ്രൈസിങ് സംവിധാനം ആദ്യം തുടങ്ങിയത്. പിന്നാലെ റെയിൽവേയും ഉത്സവസീസണുകളിൽ സ്പെഷൽ ട്രെയിനുകളിൽ സമാനരീതി ഏർപ്പെടുത്തിയിരുന്നു.
നിലവിൽ ഫ്ലെക്സി നിരക്ക്
നിലവിൽ കേരള, കർണാടക ആർടിസി ബസുകളിൽ വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. എസി, നോൺ എസി ബസുകളിൽ ഒരു മാസം മുൻപും 24 മണിക്കൂർ മുൻപും ടിക്കറ്റെടുത്താൽ 20–30% അധിക നിരക്ക് നൽകണം. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണു കൂടുതൽ തിരക്ക്.