തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന UAPA കേസില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ 2016ല്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെന്ന് അന്വേഷണവൃത്തങ്ങള്‍. 2016ൽ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണം ആസൂത്രണം ചെയ്തതിന് കണ്ണൂർ കനകമലയിൽ ഇയാളുടെ സഹോദരന്‍ സിദ്ദിഖി അസ്ലമിനെ എൻഐഎ പിടികൂടിയിരുന്നു. ഭീകരാക്രമണത്തിനുള്ള ആസൂത്രണത്തിന് അന്ന് എൻഐഎയുടെ കുറ്റപത്രത്തിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം സിദ്ദിഖി അസ്ലമിനെ മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ സൗദി അറേബ്യയിൽ നിന്ന് പിടികൂടിയ ഇയാളെ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഇയാളുടെ സഹോദരനും വെമ്പായം സ്വദേശിയുമായ അന്‍സാര്‍ അസ്ലമുമായുള്ള രണ്ടാം വിവാഹത്തെത്തുടര്‍ന്നാണ് കൗമാരക്കാരന്‍റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു. വിവാഹശേഷം കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യുകെയിൽ പോയി. ഇവര്‍ക്കൊപ്പം യു.കെയിലെത്തിയ 16കാരനെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഹ്വാനംചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ കാണിച്ചു. പിന്നീട് യുകെയിൽനിന്നു നാട്ടിലെത്തിയ കുട്ടിയെ രണ്ടാനച്ഛന്‍ ആറ്റിങ്ങലിലെ മതപാഠശാലയിൽ ചേർത്തു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റംകണ്ട് മതപാഠശാലാ അധികൃതർ അമ്മയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്.
കേസ് ഏറ്റെടുക്കാൻ കേരള പോലീസ് എൻഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മയും പൊലീസ് നിരീക്ഷണത്തിലാണ്.