പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
അമേരിക്കയുമായുള്ള മുന്‍കാല സൈനിക സഹകരണമാണ് പാക്കിസ്ഥാന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്‍ലാമബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിരോധമന്ത്രിയുടെ പരാമര്‍ശം. ‘പാക്കിസ്ഥാന്‍റെ മണ്ണും മനസും അമേരിക്ക സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചു. ആവശ്യം കഴിഞ്ഞപ്പോള്‍ ടോയ്‍ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിയുകയും ചെയ്തു.’ പാക്കിസ്ഥാന്‍റെ മുന്‍ പട്ടാളഭരണത്തലവന്മാരാണ് ഇതിന് കൂട്ടുനിന്നതെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
ഐഎസ് ചാവേറാക്രമണമുണ്ടായ തര്‍ലായ് ഇമാംബര്‍ഗ കാസ്‌റെ ഖദീജത്തുല്‍ ഖുബ്ര
‘അമേരിക്കയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാനില്‍ രണ്ട് യുദ്ധങ്ങള്‍ പാക്കിസ്ഥാന്‍ നടത്തി. അവര്‍ പറഞ്ഞ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കി. അതൊക്കെ പിന്നീട് പാക്കിസ്ഥാന് തന്നെ വിനയായി. തര്‍ലായ് പള്ളിയിലെ ഭീകരാക്രമണവും ഇതിന്‍റെ തുടര്‍ച്ചയാണ്. അഫ്ഗാനിസ്ഥാനില്‍ നടത്തിയ പാക്കിസ്ഥാന്‍റെ യുദ്ധങ്ങളല്ല, വന്‍ശക്തികളുടേതായിരുന്നു. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിലാണ് പാക്കിസ്ഥാന്‍ ആ യുദ്ധങ്ങളുടെ ഭാഗമായത്.’ എന്നാല്‍ അതെല്ലാം അന്നത്തെ പട്ടാളഭരണാധികാരികള്‍ അധികാരം നിലനിര്‍ത്തുന്നതിന് ബാഹ്യപിന്തുണ ആര്‍ജിക്കാന്‍ ചെയ്ത കാര്യങ്ങളാണെന്നും ഖ്വാജ ആസിഫ് തുറന്നടിച്ചു.
പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്ന പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്നും പാക് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഓരോ കാലത്തും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ഒന്നുകില്‍ അമേരിക്കയിലേക്ക് തിരിയും. അല്ലെങ്കില്‍ മോസ്കോയിലേക്ക് പോകും. അതുമല്ലെങ്കില്‍ ബ്രിട്ടണെ നോക്കും. 30–40 വര്‍ഷം മുന്‍പ് ഈ അവസ്ഥ പോലും ഉണ്ടായിരുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 2000ലെ ബില്‍ ക്ലിന്‍റന്‍റെ സന്ദര്‍ശനം പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ സമീപനത്തിന് തെളിവാണ്. ദിവസങ്ങള്‍ നീണ്ട ഇന്ത്യ സന്ദര്‍ശനത്തിനുശേഷം മടങ്ങുംവഴി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ക്ലിന്‍റണ്‍ പാക്കിസ്ഥാനില്‍ ചെലവിട്ടത്.’ ജനാധിപത്യം പുനസ്ഥാപിക്കുന്നതും ഭീകരതയും ആണവനിര്‍വ്യാപനവും മാത്രമാണ് അന്ന് ക്ലിന്‍റണ്‍ പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്തതെന്നും ഖ്വാജ ആസിഫ് ഓര്‍മിപ്പിച്ചു.
ഐഎസ് ചാവേറാക്രമണമുണ്ടായ തര്‍ലായ് ഇമാംബര്‍ഗ കാസ്‌റെ ഖദീജത്തുല്‍ ഖുബ്ര
ഇസ്‍ലാമബാദിലെ തര്‍ലായ് മേഖലയിലുള്ള ഇമാംബര്‍ഗ കാസ്‌റെ ഖദീജത്തുല്‍ ഖുബ്രയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ആക്രമണം അങ്ങേയറ്റം രോഷവും വേദനയും ഉളവാക്കുന്നതാണെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്‍റ് വ്യക്തമാക്കി. എന്നാല്‍ ഭീകരതയെ ഒരേസ്വരത്തില്‍ അപലപിക്കാന്‍ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളും ഗ്രൂപ്പുകളും തയാറാകുന്നില്ലെന്നും പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി.