• 'കണക്കുകൂട്ടിയതില്‍ അധികം ഭക്തര്‍ അപ്രതീക്ഷിതമായി എത്തി'
  • 'പ്രതിസന്ധി പരിഹരിച്ചു'
  • 'ഹൈക്കോടതിക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്'

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ  പി.എസ്.പ്രശാന്ത് മനോരമ ന്യൂസിനോട്. കണക്കുകൂട്ടിയതിൽ അധികം ഭക്തർ അപ്രതീക്ഷിതമായി എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്നലെ വൈകിട്ടോടെ പ്രതിസന്ധി പരിഹരിച്ചു. ഹൈക്കോടതിക്ക് വിമർശിക്കാൻ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷം ശബരിമലയെ വോട്ട് നേടാനുള്ള സുവർണ്ണാവസരം ആക്കി മാറ്റുകയാണെന്നും പി.എസ്.പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 

ശബരിമലയില്‍ ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്നും മണ്ഡല, മകരവിളക്ക് തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കം ബുദ്ധിമുട്ടുന്നതിന് പരിഹാരമുണ്ടാകണം. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള  സ്ഥലങ്ങൾ അഞ്ചോ ആറോ സെക്ടറുകളാക്കണം. ഓരോ സ്ഥലത്തും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് തീരുമാനിക്കണം. തിരക്ക് നിയന്ത്രിക്കാനായി മാത്രം വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ  ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്നും, ശബരിമലയിൽ എത്തുന്നവര്‍ ശ്വാസംമുട്ടി മരിക്കുന്നത്  അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമെന്നും, ആശങ്കാജനകമായ സാഹചര്യം സന്നിധാനത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പാളിച്ച ഉണ്ടായിട്ടുള്ളത് പരിഹരിക്കും. ക്യൂ കോംപ്ലക്സ് ഫലപ്രദമായി വിനിയോഗിക്കും. ഇക്കാര്യം പൊലീസിനോട് സംസാരിച്ചിട്ടുണ്ടെന്നും ഏകോപനമില്ലെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ENGLISH SUMMARY:

Former Travancore Devaswom Board President P. S. Prashant denies preparation lapses in Sabarimala, attributing the chaos to an unexpected surge in pilgrims. He accuses the Opposition of politicizing the issue. This comes after the High Court severely criticized the TDB, demanding scientific crowd control, sectoral management, and suggesting the Virtual Q limit be reduced.