പാലക്കാട് വിളയൂരിൽ വിജയകൊടി പാറിക്കാൻ 22 കാരിയെ അങ്കത്തട്ടിലിറക്കി എൽഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിളയൂർ ഒമ്പതാം വാർഡ് കൊഴിഞ്ഞിപറമ്പിൽ നിന്നാണ് പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ ധാരിയായ അൽബിന ഷാഹുൽ ജനവിധി തേടുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് അൽബിന ഷാഹുൽ. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ പഠനകാലത്തുണ്ടായിരുന്ന വിദ്യാർഥി രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചാണ് ഇക്കൊല്ലം നാട്ടിൽ പോരിനിറങ്ങുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണെങ്കിലും അൽബിന ദിവസങ്ങൾക്കുള്ളിൽ ഒരു റൗണ്ട് പ്രചരണം പൂർത്തിയാക്കി കഴിഞ്ഞു. വോട്ടുചോദിക്കാൻ വീടുകളിൽ എത്തുമ്പോൾ ആദ്യം ആകാംക്ഷയോടെ സ്വീകരിക്കുമെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ സമ്പൂർണ പിന്തുണ നാട്ടുകാർ നിൽക്കുന്നുണ്ടെന്ന് അൽബീന പറയുന്നുണ്ട്
യുവാക്കൾക്കും വിദ്യാസമ്പന്നർക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് ഇത്തവണ കൂടുതൽ യുവാക്കളെ മത്സരിപ്പിക്കുന്നത്. പിതാവ് ഷാഹുൽ ഹമീദും പൊതു രംഗത്ത് സജീവമാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്ദനവും പൂർത്തിയാക്കിയ അൽബിന നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ വിദ്യാർഥിയാണ്. അൽബിനയുടെ മികവിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പും പ്രവർത്തകരും.