സീറ്റ് വിഭജനത്തിന് മുമ്പ് ഇടുക്കിയിൽ മുസ്ലിം ലീഗിനെ വലച്ച് വിമത നീക്കം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് നീങ്ങിയ നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു. യുവാക്കൾക്ക് പരിഗണന നൽകാത്തതിലും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്.
സീറ്റ് നിർണയത്തിൽ മുസ്ലിം ലീഗ് ഇടുക്കി ജില്ലയിൽ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്ത് വന്നത്. മൂന്നുതവണയിൽ കൂടുതൽ മത്സരിച്ച ആളുകൾ മാറിനിൽക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി ചിലർ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. നേതാക്കളുടെ നിലപാടിനെതിരെ പാർട്ടി പത്രത്തിലെ വാർത്ത മുസ്ലിം ലീഗ് ഓഫീസുകൾക്ക് മുമ്പിൽ ഫ്ലക്സ് വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.
തൊടുപുഴ നഗരസഭ മുൻ അധ്യക്ഷന്മാരായ എം എ ഹരിദ്, സഫിയ ജബ്ബാർ എന്നിവരുടെ സ്ഥാനാർതിത്വത്തെ ചൊല്ലിയാണ് തർക്കം. പാർലമെന്ററി സമിതി യോഗം ചേർന്നശേഷം മാത്രമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളുവെന്നും നിലവിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.