ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ മനോരമ ന്യൂസിനോട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു ദിവസം സ്പോട്ട് ബുക്കിങ് ഇനി മുതല്‍ 20,000 മാത്രമെ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 20,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് വഴിയും ഒരു ദിവസം ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തോടു കൂടി സ്ഥിതിഗതികൾ സാധാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നൊരുക്കങ്ങളിൽ അപാകത അല്ലെന്നും ക്രമാധിതമായ ആളുകൾ എത്തിയതാണ് പ്രശ്നമെന്നുമാണ് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞത്. ആവശ്യത്തിന് പൊലീസ് വിന്യാസം ഉണ്ടെന്നും ഭക്തർ സമയം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 20,000 ആക്കി നിജപ്പെടുത്തിയെങ്കിലും സ്പോട്ട് ബുക്കിങ് ഇതിലുമധികമാണ്. വരുന്നവരെ പറഞ്ഞുവിടാന്‍ സംവിധാനമില്ലാത്തതിനാല്‍ 37,000 ത്തിലധികം പേര്‍ക്കാണ് ഒരു ദിവസം സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ശേഷം തോന്നിയ ദിവസം ഭക്തര്‍ ദര്‍ശനത്തിന് എത്തുന്നതും തിരക്ക് ഉണ്ടാക്കുന്നുണ്ട്. എല്ലാവര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ടാകണം എന്ന് മനസിലാക്കി ഭക്തര്‍ അച്ചടക്കത്തോടെ എത്തിയാല്‍ പ്രതിസന്ധി തീരുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
നിലവില്‍ സന്നിധാനത്ത് ആവശ്യത്തിലധികം പൊലീസുകാരുണ്ട്. മിനുറ്റില്‍ 85-86 പേരെ പതിനെട്ടാം പടി കയറ്റണമെന്നതാണ് പൊലീസിന്‍റെ ടാര്‍ജെറ്റ്. എന്നാല്‍ പുലര്‍ച്ചെ കുറച്ച് സമയം മാത്രമെ ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടൂ എന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. സ്ത്രീകളും പ്രായമായവരും കുഞ്ഞുങ്ങളും അടക്കം പതിനെട്ടാം പടി കയറുമ്പോള്‍ പരിഗണന നല്‍കേണ്ടി വരുന്നതാണ് ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തതെന്നും പൊലീസ് പറയുന്നു.
പമ്പയിലേക്കുള്ള ഭക്തരുടെ വരവ് നിയന്ത്രിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. നിലക്കലിൽ നിന്ന് വരുന്ന ഭക്തരെ ശബരിമലയിലെ സ്ഥിതിഗതി അനുസരിച്ചിട്ട് മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. പമ്പയിൽ നിന്നും ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഉണ്ടെങ്കിൽ നമുക്ക് മലയിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും കെ ജയകുമാർ വ്യക്തമാക്കി. ഭക്തര്‍ക്കായി സന്നിധാനത്തെ ക്യൂ കോംപ്ലക്സുകളിലും സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ അസാധാരണ തിരക്കില്‍ മുന്നൊരുക്കങ്ങളില്‍ വീഴ്ചയില്ലെന്നാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിന്‍റെ പ്രതികരണം. കഴിയാവുന്നതെല്ലാം ചെയ്തിരുന്നുവെന്നും വിമര്‍ശനങ്ങള്‍ സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയിലെ തിരക്കിന് കാരണം സര്‍ക്കാറിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഭയാനക സാഹചര്യത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സംവിധാനമില്ലെന്നും ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.