ലോകചാംപ്യന്മാരായ മെസിയും അര്‍ജന്‍റീനയും കേരളത്തില്‍ പന്തുതട്ടുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ച ചരിത്ര ദിനം പിന്നിട്ടു. നവംബര്‍ പതിനാറിന് മെസി എത്തുമെന്നായിരുന്നു പ്രഖ്യാപനം. വിവാദങ്ങളുടെ കേന്ദ്രമായ കലൂര്‍ സ്റ്റേഡിയത്തില്‍ ആളും അനക്കവുമില്ലാതെ ആ ദിനം കടന്നുപോയി. പേരിന് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ മെസി എത്തുമോ എന്ന് ഉറപ്പില്ല. ഡിസംബറിലെ ഐഎസ്എലിന്‍റെ കാര്യത്തിലും അനിശ്ചിതത്വമാണ്.
കോഴിക്കോട് വന്‍ റോഡ് ഷോയില്‍ പങ്കെടുത്തു. മലബാറിലെ ചങ്ങാതിമാര്‍ക്കുള്ളത്ര ഫുട്ബോള്‍ സ്നേഹം ലോകത്ത് മാറ്റാര്‍ക്കുമില്ല. പിന്നെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുമായി തീപാറും പോരാട്ടം. ചുറ്റും ലക്ഷങ്ങളുടെ ആവേശക്കടല്‍. 70 കോടിയിലധികം രൂപ മുടക്കി രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ചതാണ് സ്റ്റേഡിയം. ദുര്‍ബലമാണെന്ന് കണ്ടെത്തിയ സ്റ്റേഡിയം ചുരുങ്ങിയ സമയം കൊണ്ട് ഫിഫ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ സ്പോണ്‍സറെ സമ്മതിക്കണം. കളി കഴിഞ്ഞ് ആരാധകര്‍ക്കൊപ്പം സെല്‍ഫി... പന്തുതട്ടല്‍. ഒരുകാര്യം ഉറപ്പ് കേരളം ഫുട്ബോളിന്‍റെ കാര്യത്തില്‍ വേറെ ലെവലായിരിക്കും. മെസി സമൂഹമാധ്യമങ്ങളില്‍ ഇന്ന് കുറിച്ചിടേണ്ട വാക്കുകളായിരുന്നു ഇത്. പക്ഷെ ഒരു ചുക്കും സംഭവിച്ചില്ല.
70 കോടി രൂപയുടെ നവീകരണമില്ലെങ്കിലും സ്റ്റേഡിയത്തില്‍ പേരിന് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. സീറ്റുകള്‍ മാറ്റി. ചുറ്റുമതിലിന്‍റെ നിര്‍മാണം നടക്കുന്നു. സ്റ്റേഡിയത്തിന്‍റെ ബലക്ഷയം പരിഹരിക്കാന്‍ നടപടിയില്ല. നവംബര്‍ 30ന് നവീകരണം പൂര്‍ത്തിയാക്കി സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറാമെന്നാണ് സ്പോണ്‍സര്‍ ഒടുവില്‍ നല്‍കിയ ഉറപ്പ്. മാര്‍ച്ചിലെ വിന്‍ഡോയില്‍ മെസി വരുമെന്ന് സ്പോണ്‍സര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഉറപ്പില്ല. എല്ലാ വര്‍ഷം മാര്‍ച്ച് മാസമുണ്ടല്ലോ. ഡിസംബറില്‍ നടക്കുന്ന ഐഎസ്എലിന് സ്റ്റേഡിയം സജ്ജമാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.