ശബ്ദം തിരികെകിട്ടാനായുള്ള ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി പരാതി. കൊല്ലം കടവൂര്‍ സ്വദേശി ലിജിമോളുടെ ലാബ് ടെസ്റ്റുകളെല്ലാം കഴിഞ്ഞ ശേഷമായിരുന്നു ആശുപത്രിയുടെ നിര്‍ദേശം. പാപിലോമ ചികില്‍സയ്ക്കുവേണ്ട ഉപകരണങ്ങളും ഡോക്ടര്‍മാരും ഇല്ലെന്നു മെഡിക്കല്‍ കോളജ് തന്നെ പറഞ്ഞതോടെ മല്‍സ്യത്തൊഴിലാളി കുടുംബം ആകെ പ്രതിസന്ധിയിലായി.
കൊല്ലം മതിലില്‍ സ്വദേശിനിയായ ലിജിമോള്‍ ഒരു വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കഴുത്തില്‍ ട്യൂബിട്ട ഇവര്‍ക്ക് ഒരു വര്‍ഷമായി സംസാരിക്കുവാന്‍ കഴിയുന്നില്ല. ഈ ട്യൂബു മാറ്റുന്നതിനും ശരീരത്തോടു ഒട്ടിപ്പിടിച്ചു കിടക്കുന്ന സ്നപേടകം മാറ്റുന്നതിനും വേണ്ടിയാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായുള്ള ടെസ്റ്റുകളും കഴിഞ്ഞു. പെട്ടെന്നാണ് ഉപകരണങ്ങളില്ലെന്ന കാരണത്താല്‍ സ്കാര്യ ആശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ഇതോടെ വാടക വീട്ടില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളി കുടുംബം ആകെ പ്രതിസന്ധിയിലായി. അവസാന ഘട്ടത്തില്‍ മെഡിക്കല്‍ കോളജ് കയ്യൊഴിഞ്ഞതോടെ ലക്ഷകണക്കിനു രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ എങ്ങനെ നടത്തുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കുടുംബം.