സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ പരാതി നല്‍കി ഇന്‍ഫ്ളുവന്‍സര്‍ ജീജി മാരിയോ. ഇന്‍ഫ്ലുവന്‍സറായ ഭര്‍ത്താവ് മാരിയോ ജോസഫിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വിഡിയോയും ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചത്. വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയുണ്ടെന്നും സൈബര്‍ സെല്ലിൽ പരാതി കൊടുത്തുവെന്നും ജീജി പറഞ്ഞു. 

സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്ന് ജീജി പറഞ്ഞു. ആരൊക്കെ കൈവിട്ടാലും തള്ളിപ്പറഞ്ഞാലും കുറ്റപെടുത്തിയാലും ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമാണ് കൈമുതലെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജീജി പറഞ്ഞു. 

കഴിഞ്ഞ മാസം 25 നാണ് ജീജിയും മാരിയോയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിലവിലുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രേത്യേക കാര്യം അറിയിക്കുകയാണ്.. എന്റെയോ മക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് സോഷ്യല്‍ മീഡിയകളിൽ പല വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കപ്പെടുന്നത്.  അത്തരം വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയും ഖേദവും ഉണ്ട്. അതിനെതിരെ സൈബര്‍ സെല്ലിൽ പരാതി കൊടുക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞിട്ടുള്ളത്. അനൂപ് എന്ന വ്യക്തിയാണ് പ്രചരിപ്പിച്ചതെന്ന അറിവ് മാത്രം കിട്ടി. 

എന്നും എല്ലാവരോടും നന്ദിയും കടപ്പാടും സ്നേഹവും മാത്രം. എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് തന്നെ മനസിലാക്കാൻ കഴിയാത്ത ആഘാതങ്ങളുടെ യഥാർഥ്യങ്ങളിലേക്ക് ഞാൻ ഊളിയിട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 

ചുറ്റും നിൽക്കുന്നവരെയും ചങ്ക് പറിച്ചു സ്നേഹിച്ചവരെയും തിരിച്ചറിയുന്ന നിമിഷങ്ങളാണ്. ആ തിരിച്ചറിവ് ഒരു അഗ്നിപർവ്വതം പോലെ ഹൃദയത്തെ പൊട്ടിച്ചു കൊണ്ടിരിക്കുന്നു. 

ചില യഥാർഥ്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ നിലയ്ക്കാത്ത ചോര പ്രവാഹമൊലിക്കുന്ന ആഴമേറിയ മുറിവാണ് സമ്മാനിച്ചത്.

 ജീവിതത്തിലെ വേദനകളിലും നഷ്ട്ടങ്ങളിലും തിരസ്‌കരണങ്ങളിൽ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാൻ  പഠിപ്പിച്ചതും പ്രസംഗിച്ചതും. അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചു തന്നെയാണ് നിൽക്കുന്നത്.

സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നു.

നുണ പ്രചാരണങ്ങൾക്ക് ഇത്രയേറെ ആഘോഷവും സ്വാധീനവും ഉണ്ടെന്ന് മനസ്സിലാക്കി തുടങ്ങിയ ദിവസങ്ങൾ. ഒരിക്കലും എന്നെയും മക്കളേയും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും ആർത്തട്ടഹസിക്കുന്നു. എന്നിലെ നന്മയേയും ആത്മാർഥയേയും സ്നേഹത്തേയും വലിച്ചു കീറി കടിച്ചു പറിച്ച് ചോര കുടിക്കുന്നു. എന്നിലെ കണ്ണുനീർ വറ്റി കണ്ണിൽ നിന്ന് ചോര ഒഴുകുന്ന ദിവസങ്ങൾ. ചുറ്റും ചോര കുടിക്കാൻ നിൽക്കുന്ന കുറുനരികൾ. ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികൾക്ക് നടുവിൽ തനിച്ചായി പോയ  രണ്ട് മുയൽകുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു നിൽക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആർക്കും ഇനി ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം. 

ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. വേദനകളുടെയും അപമാനങ്ങളുടെയും ആഴം എത്ര വലുതാണെങ്കിലും എന്റെ ആത്മാവിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. സത്യത്തിന്റെ ജ്വാല എന്നിൽ ഇപ്പോഴും അഗ്നിയായി സ്ഫുരിക്കുന്നുണ്ട്. ഇനി എന്റെയും മക്കളുടെയും മുന്നിൽ എന്താണ് കാത്തിരിക്കുന്നത് എന്ന് നിശ്ചയം ഇല്ലെങ്കിലും സത്യത്തിന്റെ ജ്വാലയിൽ നിന്നും ഞാൻ ധൈര്യം കണ്ടെത്തി കൊണ്ടിരിക്കുന്നു. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന ഈ പോരാട്ടങ്ങളുടെയും അപമാനങ്ങളുടെയും ആരോപണങ്ങളുടെയും ഇടയിലും എന്റെ നിലപാടിൽ ഉറച്ച് തല ഉയർത്തി നിൽക്കാൻ ദൈവം ശക്തി തരുന്നുണ്ട്. ആരൊക്കെ കൈവിട്ടാലും തള്ളിപ്പറഞ്ഞാലും കുറ്റപെടുത്തിയാലും ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമാണ് കൈമുതൽ.

ENGLISH SUMMARY:

Influencer Jeeji Mario has filed a cyber complaint regarding the circulation of videos and audio clips on social media. She expressed distress over the content and highlighted her trust in God amidst accusations and online harassment.