തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് ഇടത് എംപി എഎ റഹിം. ജീവനൊടുക്കിയ തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയുടെ പേര് ഒരു ഘട്ടത്തിലും പരിഗണനയിലുണ്ടായിരുന്നില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. വാര്‍ഡില്‍ നിന്നുവന്ന പട്ടികയില്‍ ആനന്ദിന്റെ പേരുണ്ടായില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.
'രണ്ടു മൂന്നു മാസങ്ങൾക്കിടയിൽ ആർ എസ് എസ് , ബി ജെ പി ചതിയിൽപെട്ട് ജീവനൊടുക്കുന്ന മൂന്നാമത്തെ ആളാണ് ആനന്ദ് കെ തമ്പി. ഹൃദയം പിടഞ്ഞു ജീവൻ അവസാനിപ്പിക്കുന്ന ഇരകൾ. രാജീവ് ചന്ദ്രശേഖർ, നോക്കൂ, താങ്കളുടെ കൈകളിൽ ചോരയുണ്ട്. ശ്രീ ആനന്ദ് കെ തമ്പിക്ക് ആദരാഞ്ജലികൾ' – എഎ റഹിം കുറിച്ചു.
സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചശേഷമായിരുന്നു ആനന്ദിന്റെ ആത്മഹത്യ. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആനന്ദിന്റെ ആത്മഹത്യാകുറിപ്പില്‍ ആര്‍എസ്എസ്– ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. മണ്ണുമാഫിയക്കാരനെയെന്ന് സ്ഥാനാര്‍ഥിയാക്കിയത് എന്നും മൃതദേഹം നേതാക്കളെ കാണിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
ആര്‍എസ്എസ്– ബിജെപി നേതൃത്വം മണല്‍മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നതാണോയെന്നാണാണ് വി.മുരളീധരന്‍റെ മറുചോദ്യം. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.