പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ നടപടി. പത്മരാജനെ സ്കൂൾ സേവനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജറോട് അടിയന്തര നിർദേശം നല്‍കി. വിഷയത്തിൽ മാനേജ്മെൻറ് ഇതുവരെ സ്വീകരിച്ച നടപടി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമങ്ങളിലൂടെയാണ് നടപടി അറിയിച്ചത്.
പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് മരണംവരെ ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പുകളില്ഡ 40 വര്‍ഷം തടവിനൊപ്പമാണ് മരണം വരെ ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും അടങ്ങുന്നതാണ് ശിക്ഷ. 2020 തിലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു വീട്ടിൽ വച്ചും അധ്യാപകനായ കെ.കെ പത്മരാജൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പത്തു വയസുകാരിയുടെ പരാതി.
ക്രൈംബ്രാഞ്ച് നൽകിയ ആദ്യ കുറ്റപത്രത്തിൽ ചേർക്കാതിരുന്ന പോക്സോ വകുപ്പ് അന്തിമ കുറ്റപത്രത്തിലാണ് ചേര്‍ത്തത്. തലശ്ശേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.