കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. മലാപ്പറമ്പ് സ്വദേശികളായ അക്ഷയ്, ബിസ്മി എന്നിവരുടെ മകനാണ് മരിച്ചത്.
ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഡിസ്ചാർജിന് തലേദിവസം വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ നൽകിയ ഇഞ്ചക്ഷനാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് ചെറിയ മഞ്ഞയും സോഡിയം കുറവും കണ്ടതിനെത്തുടർന്നാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് വാർഡിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നു. പിറ്റേദിവസം ഡിസ്ചാർജ് ചെയ്യാമെന്നും ഡോക്ടർ അറിയിച്ചു.
ഇന്ന് ഉച്ചയോടുകൂടി കുഞ്ഞിന് നൽകിയിരുന്ന ആൻ്റിബയോട്ടിക് ഇഞ്ചക്ഷൻ നൽകിയതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞിന് ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തതെന്ന് കുട്ടിയുടെ പിതാവ് അക്ഷയ് പറയുന്നു. ഇഞ്ചക്ഷൻ നൽകിയ ശേഷം കുഞ്ഞ് അസാധാരണമായി കരയുകയും അനക്കമില്ലാതാവുകയും ചെയ്തു. ഉടൻ തന്നെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഒരു മണിക്കൂറോളം നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
"ഇഞ്ചക്ഷൻ നൽകുന്നതിന് മുൻപ് വരെ കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു നിമിഷം ഇഞ്ചക്ഷൻ വെച്ചതിന് തൊട്ടുപിറകെയാണ് ഇത് സംഭവിച്ചത്," അക്ഷയ് പറഞ്ഞു.
ചികിത്സാ പിഴവ് ആരോപിച്ചാണ് കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡോക്ടർമാർക്ക് മരണകാരണം സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു. തുടർന്ന്, കുഞ്ഞിന്റെ മരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ.