കോഴിക്കോട് നഗരത്തില്‍ വീണ്ടും സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടാം ഗേറ്റിന് സമീപം സമയക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന മനിര്‍ഷാ ബസിന്‍റെ ചില്ലാണ് മറ്റൊരു ബസിന്‍റെ ഡ്രൈവര്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.
മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന കടുപ്പയില്‍ ബസിലെയും മനിര്‍ഷാ ബസിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലിയുണ്ടായ തകര്‍ക്കമാണ് അക്രമത്തിന് കാരണം. ബസ് രണ്ടാം ഗേറ്റിലെത്തിയപ്പോള്‍ കടുപ്പയില്‍ ബസിന്‍റെ ഡ്രൈവര്‍ ചെലവൂര്‍ സ്വദേശി മുസ്തഫ കല്ലെടുത്ത് മനിര്‍ഷ ബസിന്‍റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ മനിര്‍ഷ ബസിലെ ഡ്രൈവര്‍ അഖില്‍ രാജിനും യാത്രക്കാരായ രണ്ടുസ്ത്രീകള്‍ക്കും പരുക്കേറ്റു. മുസ്തഫയെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസവും ഇരുബസിലെയും ജീവനക്കാര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു.