കെ.എസ്.ആര്‍.ടി.സിയുടെ പുത്തൻ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് കന്നിയാത്ര ഇന്ന്. തിരുവനന്തപുരത്തു നിന്നു ബെംഗളുരുവിേലക്ക് ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക്് നാളെ സർവീസ് തുടങ്ങും. കേരള ആർടിസിയുടെ ബസുകളിൽ സൗകര്യത്തിനും സുരക്ഷയിലും മുൻ പന്തിയിൽ നിൽക്കുന്ന വോൾവോ 9600എസ്.എൽ.എക്സ്. സിരീസിലെ ബസാണു വരുന്നത്.
വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, പാലക്കാട്, കോട്ടയം, കൊട്ടാരക്കര വഴി രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.30നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ 7.55ന് ബെംഗളൂരുവിലെത്തും. 2151 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതോടെ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം നാലാകും. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസ് തിരുവനൽവേലി, നാഗർകോവിൽ വഴിയാണ് സർവീസ്. കൂടാതെ എസി സീറ്റർ കം സ്ലീപ്പർ വിഭാഗത്തിൽ രണ്ടും നോൺ എസി സീറ്റർ കം സ്ലീപ്പറിൽ ഒരു സർവീസുമുണ്ട്. കർണാടക ആർടിസിയുടെ വോൾവോ 9600 സിരീസിലുള്ള അംബാരി ഉത്സവ് സ്ലീപ്പർ ബസ് ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശൂർ, കോഴിക്കോട് റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് നിലവിൽ എസി സീറ്റർ വാരാന്ത്യ സർവീസ് മാത്രമാണ് കർണാടക ആർടിസിക്കുള്ളത്.
ഇടുങ്ങിയ വഴികള്‍–പാലക്കാടും തൃശ്ശൂരിലും സ്റ്റാന്‍ഡിലേക്കില്ല
നഗരമധ്യത്തിലുള്ള ബസ് സ്റ്റാന്‍ഡുകളിലേക്ക് വോള്‍വോ ബസ് പോകില്ല. 15 മീറ്റര്‍ നീളമുള്ള 42 സ്ലീപ്പര്‍ ബര്‍ത്തുകളുള്ള ബസ് ഇടുങ്ങിയ റോഡുകളിലൂടെ വളച്ചെടുത്തു കൊണ്ടുപോകുന്നത് അതീവ ദുഷ്കരമാണ്. കൂടാതെ സമയനഷ്ടവുമാണ്. ഇക്കാരണത്താല്‍. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ലീപ്പർ ബസ് പ്രവേശിക്കില്ല. പകരം പാലക്കാട് ചന്ദ്രനഗർ ജംക്‌ഷൻ, തൃശൂരിൽ മണ്ണുത്തി ബൈപാസ് എന്നിവിടങ്ങളിൽ നിർത്തും.
സ്ലീപ്പറിന്റെ റൂട്ടും സമയവും
ബെംഗളൂരു–തിരുവനന്തപുരം
സാറ്റലൈറ്റ് ടെർമിനൽ (വൈകിട്ട് 5), ശാന്തിനഗർ (5.45), ഹൊസൂർ (6.15), കോയമ്പത്തൂർ (11.55), പാലക്കാട് ചന്ദ്രനഗർ (12.45), മൂവാറ്റുപുഴ (3.25), കോട്ടയം (4.40), കൊട്ടാരക്കര (7.10), തിരുവനന്തപുരം (8.40).
തിരുവനന്തപുരം–ബെംഗളൂരു
തിരുവനന്തപുരം (വൈകിട്ട് 5.30), കൊട്ടാരക്കര (6.55), കോട്ടയം (9), മൂവാറ്റുപുഴ (10.50), പാലക്കാട് ചന്ദ്രനഗർ–1.30, കോയമ്പത്തൂർ (2.30), ഹൊസൂർ (7), ഇലക്ട്രോണിക് സിറ്റി (7.20), സാറ്റലൈറ്റ് (7.55).
ആസ്വദിച്ച് യാത്ര ചെയ്യാം
15 മീറ്റർ നീളം വരുന്ന ബസിൽ കിടന്നു യാത്ര ചെയ്യാൻ 42 ബെർത്തുകളുണ്ട്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എബിഎസ് ബ്രേക്ക്, ഫുൾ എയർ ഡിസ്ക് ബ്രേക്ക്, പാനിക് ബട്ടൺ, ഓരോ വിൻഡോയിലും എമർജൻസി എക്സിറ്റ്, ബർത്തുകളിൽ റീഡിങ് എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റ്, തീപിടിക്കാത്ത വിൻഡോ കർട്ടൻ എന്നിവയും സജീകരിച്ചിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയാൽ അലാം മുഴങ്ങുന്നതിനൊപ്പം കൺട്രോൾ റൂമിൽ ഡ്രൈവറുടെ ദൃശ്യവും ലഭിക്കും.
കെ.എസ്.ആര്‍.ടി.സിയുടെ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലെ മറ്റു സർവീസുകൾ
∙സ്വിഫ്റ്റ് നോൺ എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു, കോട്ടയം വഴി, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം)–ഉച്ചയ്ക്ക് 12.55
∙എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു, കോട്ടയം വഴി)–ഉച്ചകഴിഞ്ഞ് 1.45
∙എസി സീറ്റർ (മൈസൂരു, ആലപ്പുഴ വഴി)– വൈകിട്ട് 3.25.
∙എസി സീറ്റർ (പാലക്കാട്, കോട്ടയം വഴി)–വൈകിട്ട് 5.06
∙സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ (മധുര, നാഗർകോവിൽ വഴി)–രാത്രി 7
∙ സ്വിഫ്റ്റ് എസി സീറ്റർ കം സ്ലീപ്പർ (പാലക്കാട്, കോട്ടയം വഴി, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം) –രാത്രി 7.25.