പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്ന് അംഗമായ മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപസമിതിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയെന്നും എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിഐ സമ്മര്‍ദത്തിന് വഴങ്ങി പദ്ധതി മരവിപ്പിച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചതൊഴിച്ചാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്കെന്ന് വ്യക്തം. പദ്ധതി മരവിപ്പിച്ചു. ഉടന്‍ കത്തയ്ക്കും. തുടര്‍ നടപടിക്കായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും ഉപസമിതിയുടെ കാര്യത്തില്‍ യാതൊരു നീക്കവുമുണ്ടായില്ല. ഉപസമിതി അംഗങ്ങളായ മന്ത്രിമാരെ ഫോണില്‍ വിളിച്ച് പോലും ഇക്കാര്യം ആരും അറിയിച്ചിട്ടില്ല. പി.എം.ശ്രീയിലല്ല മുഴുവന്‍ ശ്രദ്ധയും തദ്ദേശ തിരഞ്ഞെടുപ്പിലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ മന്ത്രിസഭാ ഉപസമിതി ചേര്‍ന്നുള്ള തുടര്‍നടപടിക്ക് ഡിസംബര്‍ കഴിയണം. ജനുവരി കഴിഞ്ഞാല്‍പ്പിന്നെ പരീക്ഷാക്കാലമായി. മാര്‍ച്ചെത്തുന്നതോടെ നിയമസഭാ ചൂടിലേക്കും കടക്കും. പിന്നെന്ത് പി.എം ശ്രീയെന്ന് നേതാക്കള്‍ പരസ്പരം ചോദിക്കേണ്ടി വരും.