കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ എട്ടു ശുചീകരണ തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ് നിർദേശം നൽകി. നടപടിക്കെതിരെ സി.ഐ.ടി.യു സമര രംഗത്തെത്തിയതോടെ തീരുമാനം രണ്ടുദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു.
പുതിയ ബസുകൾ വാങ്ങി, ശമ്പളം കൃത്യമാക്കി, ആകെ വരുമാനം കുത്തനെ കൂടി. കെ.എസ്.ആർ.ടി.സിയിലെ വീമ്പ് പറച്ചിലിനിടയിലാണ് ഒരു വശത്ത് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു താൽക്കാലിക ശുചീകരണ തൊഴിലാളികളോട് ഒരു മുന്നറിയിപ്പ് ഇല്ലാതെ ഇനി മുതൽ ജോലി വരേണ്ടെന്ന് അറിയിച്ചത്. ഡിപ്പോയുടെ ശുചീകരണം പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി ആൻഡ് സപോർട്ട് സർവീസസ് എന്ന സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചാണ് പിരിച്ചുവിടൽ.
അതേസമയം, തീരുമാനത്തിനെതിരെ സി.ഐ.ടി.യു തന്നെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. സ്വകാര്യ ഏജൻസിയെ അനുവദിക്കില്ലെന്നും നിലപാട് എടുത്തു. ഇതോടെ സമവായം കണ്ടെത്തും വരെ താൽക്കാലി ജീവനക്കാരോട് ജോലിക്ക് വരാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടു. പല പ്രവൃത്തികളും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച് 125 താൽക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞദിവസങ്ങളിൽ പിരിച്ചുവിട്ടത്. സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ സി.ഐ.ടി.യു, കെഎസ്ആർടി.സി മാനേജ്മെന്റ് നടപടികൾ ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന് ഓർമിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം മാനേജ്മെന്റിനെതിരെ സി.ഐ.ടി.യു പരസ്യ പ്രതിഷേധവുമായി എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന ആശങ്ക ഇടതുപക്ഷത്ത് ഉയരുന്നുണ്ട്.