ശബരിമല സ്വർണ്ണക്കൊള്ളയിൽ അടുത്ത അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിലേക്ക്. മുൻ കമ്മീഷണർ എൻ.വാസുവിനെ അറസ്റ്റ് ചെയ്യാൻ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനിൽക്കുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കട്ടിള പാളിയിലെ സ്വർണ്ണ കവർച്ചയിൽ ആയിരുന്നു എൻ.വാസുവിന്റെ അറസ്റ്റ്.
സ്വർണ്ണം പൊതിഞ്ഞ കട്ടിള പാളിയെ ചെമ്പ് എന്ന രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തിൽ എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് എ.പത്മകുമാർ ആണ്. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. ഉടൻതന്നെ പത്മകുമാറിനെ ചോദ്യംചെയ്യും. വാസുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിർണായകമായിരിക്കും.