എസ്.എ.ടി ആശുപത്രിയിലെ പ്രസവ ചികിൽസയ്ക്ക് ശേഷം യുവതി അണുബാധയേറ്റ് മരിച്ചതിന് കാരണം സ്റ്റഫൈലോകോക്കസ് എന്ന ബാക്ടീരിയയെന്ന് നിഗമനം. മുറിവുകളിലൂടെയോ ചർമ്മത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണിത്. കരിക്കകം സ്വദേശി 26 വയസുകാരി ശിവപ്രിയയാണ് മരിച്ചത്.
ആശുപത്രിയിൽ നിന്നോ വീട്ടിൽ നിന്നോ അണുബാധയുണ്ടാകാനാണ് സാധ്യത. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമെ യഥാർഥ കാരണം കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. കാരണങ്ങൾ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി അന്വേഷിക്കും. സാംക്രമിക രോഗ വിഭാഗം, ഗൈനക്കോളി, ഡെർമറ്റോളജി, ക്രിട്ടിക്കൽ കെയർ വിദഗ്ധർ അടങ്ങുന്നതാണ് സമിതി.
Also Read: പ്രസവശേഷം യുവതി അണുബാധയേറ്റ് മരിച്ചു; ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധം
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവപ്രിയയുടെ ബന്ധുക്കളും ബി.ജെ.പി പ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ ഇന്നലെ രാത്രി ഏഴരവരെ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സമിതിയുടെ അന്വേഷണം ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചത്. അണുബാധയുണ്ടായത് ആശുപത്രിയില്‍ വെച്ചാണെന്നും എന്നിട്ടും യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നുമാണ് മരിച്ച കരിക്കകം സ്വദേശി ശിവപ്രിയയുടെ കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 22ന് എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സുഖ പ്രസവം ആയതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജായി. തൊട്ടടുത്ത ദിവസം മുതല്‍ പനി തുടങ്ങി. 26 ന് വീണ്ടും എസ്.എ.ടിയിലെത്തി അഡ്മിറ്റായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധയുണ്ടെന്ന് വ്യക്തമായത്. ആരോഗ്യ നില ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റി. അവിടെ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ഡിസ്ചാര്‍ജ് സമയത്ത് ചെറിയ പനിയുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ഡിസ്ചാര്‍ജെന്നും, ആശുപത്രിയില്‍ വെച്ചു തന്നെ അണുബാധയുണ്ടായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.