ബാങ്ക് വായ്പയിൽ കുടുങ്ങി ജീവിതം കടക്കണിയിലായ കാസർകോട് നീലേശ്വരം സ്വദേശി പത്മനാഭന്റെയും ഭാര്യയുടെയും ജീവിതം ഇപ്പോൾ ദുരിത പൂർണമാണ്. കിടപ്പാടം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഇവർ അന്തിയുറങ്ങുന്നത് ബന്ധുവീടിന്റെ ഉമ്മറത്താണ്.
മകളുടെ വിവാഹത്തിനും വീടിന്റെ അറ്റകുറ്റപ്പണിക്കുമായി 2015ലാണ് യൂണിയൻ ബാങ്ക് നീലേശ്വരം ശാഖയിൽ നിന് 16 ലക്ഷം രൂപ വായ്പ എടുത്തത്. അച്ഛൻ വി പത്മനാഭന്റെ ജാമ്യത്തിൽ, പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരിയായ മകൾ, സാലറി സർട്ടിഫിക്കറ്റ് നൽകിയാണ് വായ്പ നേടിയത്. എന്നാൽ വായ്പ മുടങ്ങി കടം പെരുകിയതോടെ ബാങ്ക് പത്മനാഭന്റെ വീടും സ്ഥലവും ജപ്തി ചെയ്തു. വിവാഹം കഴിച്ചു പോയ മകൾക്ക് ജോലിയിൽ നിന്നും വരുമാനം ഉണ്ടായിട്ടും വായ്പ തിരിച്ചടക്കാൻ ശ്രമിച്ചില്ല. വിദേശത്തായിരുന്ന മകന്റെ സമ്പാദ്യവും കടക്കെണിയിൽ നഷ്ടമായി.
കുടിയൊഴിപ്പിക്കപ്പെട്ട ശേഷം രോഗിയായ പത്മനാഭനും ഭാര്യ ദേവിയും സഹോദരിയുടെ വീട്ടിലാണ് താമസം. ഒരു മുറി മാത്രമുള്ള ചെറിയ വീടിന്റെ ഉമ്മറത്ത് പായ വിരിച്ചാണ് ഇവർ കഴിയുന്നത്. മകളുടെ സഹായം ഉണ്ടായിരുന്നുവെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു എന്നാണ് ഇവർ പറയുന്നത്. വായ്പ കുടിശ്ശികയിൽ ഇളവും തിരിച്ചടവിന് സാവകാശവും തേടി ഇവർ മുട്ടാത്ത വാതിലുകളില്ല.
ജപ്തി ചെയ്ത വീടും സ്ഥലവും ഇതിനോടകം തന്നെ ലേലം ചെയ്തു വിറ്റതായി ബാങ്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്നും കിട്ടുന്ന ക്ഷേമ പെൻഷൻ മാത്രം ആശ്രയിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.