എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ളാഗ് ഓഫിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വേഗത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. സി.ബി.എസ്.ഇ സ്കൂളിലെ വിദ്യാര്‍ഥികളെന്നതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെങ്കിലും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. ഗണഗീതം പാടിച്ചത് ധിക്കാരവും അഹങ്കാരവുമാണ്. കുട്ടികളെ ഗണഗീതം പാടിക്കാന്‍ കൊണ്ടുപോയത് ആരെന്നറിയണമെന്നും ശിവന്‍കുട്ടി.
ഗണഗീതം പാടിച്ചത് ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. ശാഖയിലെ ഗണഗീതം കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പാടിച്ചുവെന്ന് വി.കെ.സനോജ് ആരോപിച്ചു. അധികാരം ഉപയോഗിച്ചിട്ട് വമ്പത്തരം പറയുന്നുവെന്നും വി.കെ.സനോജ് പറഞ്ഞു. സംഭവത്തില്‍ സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് വി.ഡി.സതീശനും ആവശ്യപ്പെട്ടു. നാടിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കുട്ടികളെ വിട്ടുകൊടുത്തു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം പാടുന്നത് ശരിയല്ലെന്നും ആര്‍എസ്എസിന്റെ ചടങ്ങില്‍ പാടിക്കോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. മന്ത്രിയുടെ നീക്കം കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട്. വന്ദേഭാരത് ഗണഗീതം വീണ്ടും പോസ്റ്റ് ചെയ്തതിന് റെയില്‍വേക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നന്ദി അറിയിക്കുകയും ചെയ്തു. വിവാദമുണ്ടാക്കിയവരോട് നീരസമില്ലെന്നും പ്രിന്‍സിപ്പല്‍. വിമര്‍ശനത്തെത്തുടര്‍ന്ന് നീക്കിയ വിഡിയോയാണ് വീണ്ടും പോസ്റ്റ് ചെയ്തത്. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വിഡിയോ.
അതേസമയം, ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്നമെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍ ചോദിച്ചു. കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്നം? ഇതില്‍ ഹിന്ദു എന്നൊരു വാക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയത് നിഷ്കളങ്കമായെന്ന് കേന്ദ്രമന്ത്രി സുേരഷ് ഗോപിയും പ്രതികരിച്ചു. അവര്‍ക്ക് തോന്നി, അവര്‍ പാടി , തീവ്രവാദ ഗാനമൊന്നും അല്ലല്ലോ ചൊല്ലിയതെന്നും കുത്തിത്തിരുപ്പുണ്ടാക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.