എസ്.ഐ.ആറില്‍ അധ്യാപകരെ ബിഎല്‍ഒമാരായി നിയമിച്ചതിനെതിരെ അധ്യാപക സംഘടനകള്‍. അര്‍ധ വാര്‍ഷിക പരീക്ഷ അടുത്തതിനാല്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് വിമര്‍ശനം. 75 ശതമാനത്തോളം അധ്യാപകര്‍ക്കും തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ ചുമതലയുണ്ട്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായി നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാലുവരെയാണ് പ്രൈമറി, ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ബി എല്‍ ഒ മാരായി നിയമിച്ചത്. തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി അധ്യാപകരെ നിയമിക്കാറുണ്ടെങ്കിലും അര്‍ധ വാര്‍ഷിക പരീക്ഷ അടുത്തതും, സ്കൂള്‍ ശാസ്ത്ര, കായിക മേളകള്‍ ആരംഭിച്ചതുമാണ് പ്രതിസന്ധി. പരീക്ഷ അടുത്തതിനാല്‍ പാഠ ഭാഗങ്ങള്‍ പൂര്‍ത്തിയാകാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് വിമര്‍ശനം.
അധ്യാപകര്‍ക്ക് പകരം ബി എല്‍ ഒ മാരായി തദേശ സ്ഥാപനങ്ങളിലേ ഉദ്യോഗസ്ഥരെയോ ദിവസ വേതന അടിസ്ഥാനത്തില്‍ ആളുകളെയോ നിയമിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിഎസ്ടിഎ, കെഎസ്ടിയു തുടങ്ങിയ സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.